Sorry, you need to enable JavaScript to visit this website.

വ്യാജസൂഫികളെ അഭിസംബോധന ചെയ്യേണ്ടി വരുന്ന കാലം- പൊയ്ത്തുംകടവ്

ആത്മീയത മറന്ന് അധികാരത്തിന് പിറകെ പോകുന്നവരെ സൂഫിയായി കാണരുതെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്

ആരാണ് യഥാർത്ഥ സൂഫി ?
അധികാരം, പണം ,അംഗീകാരം,പ്രശസ്തി എന്നിവയെ നരകം പോലെ വെറുക്കുന്നവർ.
ഭരണകൂടങ്ങളുമായി ഒരു നിലയ്ക്കും സൗഹൃദം സ്ഥാപിക്കാത്തവർ. അത്‌കൊണ്ടു തന്നെ ഭരണാധികാരികൾ മിക്കപ്പോഴും സൂഫികളെ സംശയദൃഷ്ടിയോടെ കാണുകയോ അവരെ കൊന്നുകളയുകയോ തുറുങ്കിലിടുകയോ ചെയ്യുന്നത് ലോകചരിത്രത്തിൽ അസാധാരണമല്ല. മൻസൂർ ഹല്ലാജിനെപ്പോലുള്ളവരുടെ ഉദാഹരണങ്ങൾ ഇവിടെ നിരത്തുന്നില്ല.
ദൽഹി സുൽത്താൻ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പിൻവാതിലിലൂടെ ഇറങ്ങി ഓടിയ നിസാമുദ്ദീൻ ഔലിയയെപ്പോലുള്ള നൂറ് ഉദാഹരണങ്ങൾ ലോക ചരിത്രത്തിലുണ്ട്.അതും നിരത്തുന്നില്ല. ഭരണാധിപന്റെ കൊട്ടാരത്തിലേക്ക് പിൻവാതിലിലൂടെ കയറിപ്പോകുന്ന പുതിയ കാലത്തെ സൂഫി വേഷക്കാരെ കരുതലോടെ കാണേണ്ടിയിരിക്കുന്നു.
ജീവിച്ചിരിക്കുന്ന കാലത്തോളം താനൊരു സൂഫിയാണെന്ന് സമൂഹമധ്യേ സ്വയം വെളിപ്പെടുത്താത്തവരാണ് യഥാർത്ഥ സൂഫികൾ.. മതത്തെ അനുഷ്ഠാനപരമായി മാത്രം കാണാത്തവരാണിവർ. 
വൻകിട കെട്ടിടങ്ങളുണ്ടാക്കാത്തവരും അവയിൽ താമസിക്കാത്തവരുമാണ്.
മതത്തെയല്ല, ആത്മീയതയെ മാത്രം അവർ ശ്രദ്ധിക്കുന്നു. അത് കൊണ്ട് മത വ്യാപാരികളായ പുരോഹിതന്മാർ ഇവരെ ശത്രുവായി മാത്രം കാണുന്നു.
പരിശുദ്ധം എന്ന് അർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന പദം രൂപംകൊണ്ടത് തന്നെ.
പരിശുദ്ധമായ മായത്തെ സൂഫിസമായി കാണുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലേ എത്തൂ. സത്തയിലെത്തില്ല. 
ഓർമയില്ലാത്തവന് സത്തയില്ല.
ശ്രദ്ധയില്ലാത്തവന് അത് വിധിച്ചിട്ടുമില്ല.
ഇന്ത്യയിൽ, നമ്മുടെ കേരളത്തിൽ സൂഫി എന്ന പദം പറയുമ്പോഴും കേൾക്കുമ്പോഴും മേൽപ്പറഞ്ഞ കാര്യങ്ങൾ മറന്നു കൂടാത്തതാണ്. മറന്നാൽ, സൂഫിയെന്ന ധാരണയിൽ നിങ്ങൾക്ക് വ്യാജ സൂഫികളെ അഭിസംബോധന ചെയ്യേണ്ടി വരും.
 

Latest News