ന്യൂദൽഹി- ബാബരി മസ്ജിദ് വിഷയത്തിൽ മധ്യസ്ഥം വഹിക്കാമെന്ന് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന വാദത്തിൽ തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതല്ലേ നല്ലതെന്ന് ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചതോടെയാണ് മധ്യസ്ഥ ചർച്ചക്കുള്ള സാധ്യത തെളിഞ്ഞത്. സിവിൽ പ്രൊസീജ്യർ കോഡിലെ വകുപ്പ് 89 പ്രകാരം അയോധ്യതർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ആലോചിക്കുന്നുവെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. തർക്കം പരിഹരിക്കാൻ ഇതേവരെ ശ്രമം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതൊരു സ്വകാര്യഭൂമി തർക്കമല്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചർച്ചകളിലൂടെ പരിഹരിക്കാൻ നേരത്തെയും ശ്രമം നടന്നതാണെന്നും അത് പരാജയപ്പെട്ടുവെന്നും മുസ്‌ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ശങ്കരാചാര്യസ്വാമികൾ തർക്ക പരിഹാരത്തിന് ശ്രമിച്ചിരുന്നുവെന്ന് റാം ലീലക്ക് വേണ്ടി ഹാജരായ വൈദ്യനാഥൻ പറഞ്ഞു.
അതേസമയം, ഈ വിഷയത്തിൽ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ ആവർത്തിച്ചു. എന്നാൽ, തർക്കഭൂമി ആരുടേത് എന്നതല്ല വിഷയമെന്നും രാമ ജന്മഭൂമിയിൽ പ്രാർത്ഥിക്കാൻ അവസരമുണ്ടാകണമെന്നും അത് ഹിന്ദുക്കളുടെ മൗലികാവകാശമാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ഇതോടെ മധ്യസ്ഥ ചർച്ച സംബന്ധിച്ച ഉത്തരവ് അടുത്ത ചൊവ്വാഴ്ചയെന്ന് ചീഫ് ജസ്റ്റിന് വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകളെ റാം ലീലയും നിർമോഹി അക്കാഡയും എതിർത്തു. വിശാല അർത്ഥത്തിൽ മധ്യസ്ഥ ചർച്ചയുമായി സഹകരിക്കാമെന്ന് രാജീവ് ധവാൻ വ്യക്തമാക്കി.
നേരത്ത, കേസുമായി ബന്ധപ്പെട്ട് യു.പി സർക്കാർ സമർപ്പിച്ച തർജിമ എല്ലാവരും അംഗീകരിച്ചാൽ വാദവുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗേയ് വ്യക്തമാക്കിയിരുന്നു. അതേസമയം, രേഖകളുടെ പകർപ്പ് കണ്ടാൽ മാത്രമേ എതിർപ്പുണ്ടോ എന്ന് പറയാനാകൂവെന്ന് മുസ്‌ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാനും ദുഷ്യന്ത് ദവെയും അറിയിച്ചു. രേഖകളുടെ പരിഭാഷ കഴിഞ്ഞതാണെന്നും ഇനി അതിൽ ഒന്നും ബാക്കിയില്ലെന്നും റാം ലീലക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വൈദ്യനാഥൻ പറഞ്ഞു. പരിഭാഷ നേരത്തെ തന്നെ വിവിധ കക്ഷികൾ പരിശോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ കോടതിയുടെ മുമ്പാകെയുള്ള രേഖകൾ പരിശോധിച്ചിട്ടില്ലെന്നും ഇതിനായി എട്ടു മുതൽ പന്ത്രണ്ടു വരെ ആഴ്ച സമയം വേണമെന്നും രാജീവ് ധവാനും ദുഷ്യന്ത് ദവേയും ആവശ്യപ്പെട്ടു. അയോധ്യ തർക്ക ഭൂമി കേസുമായി ബന്ധപ്പെട്ട തർജമ ചെയ്ത രേഖകൾ പരിശോധിച്ച് എതിർപ്പ് ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗേയ് ഉത്തരവിട്ടു.