ന്യുദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ചൊവ്വാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാനില്‍ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയതില്‍ സേനയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാക്കളും. വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റുമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിവാദനം ചെയ്തു. ജനങ്ങളെ കാത്തു രക്ഷിക്കുന്നതില്‍ സേനയുടെ ബദ്ധശ്രദ്ധയെ അഭിനന്ദിച്ച് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യയുടെ 12 മിറാഷ് പോര്‍വിമാനങ്ങള്‍ ചേര്‍ന്ന് ആയിരം കിലോ ബോംബാണ് വര്‍ഷിച്ചത്. ജയ്‌ഷെ മുഹമ്മദിന്റെ ഭീകര താവളവും നിരവധി ഭീകരരേയും തുടച്ചു നീക്കിയതായും ഇന്ത്യ വ്യക്തമാക്കി.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ഇന്ത്യയുടെ മിന്നലാക്രമണത്തെ പിന്തുണച്ചു. ഇതു സങ്കല്‍പ്പിച്ചതിലേരെ വലിയ ആക്രമണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സേനയ്ക്ക് സല്യൂട്ട് അറിയിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ട്വീറ്റ് ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ ഇന്ത്യന്‍ വ്യോമ സേനയെ പ്രശംസിച്ചു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് വൈകുന്നേരം സര്‍വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. വ്യോമസേനാ ഓപറേഷന്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും വിവരണം നല്‍കിയതായും റിപോര്‍ട്ടുണ്ട്.