തിരുവനന്തപുരം - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഉരുണ്ടു കളിക്കുന്നതെന്നാണ് ആക്ഷേപം. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. തെരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ സമ്മര്‍ദം പോലീസിനുണ്ട്. എടുത്തുചാടി ഖാസിമിയെ അറസ്റ്റ് ചെയ്യേണ്ടെന്ന് സര്‍ക്കാരില്‍നിന്നും അനൗദ്യോഗികമായി പോലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം. ഇതോടെ തുടക്കത്തിലുണ്ടായിരുന്ന ഉത്സാഹം ഇപ്പോള്‍ പോലീസും കാണിക്കുന്നില്ല.
ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ഖാസിമിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ തുടക്കത്തില്‍ മൂന്നു പേരെ ചോദ്യം ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ കാര്യക്ഷമമായി നടന്നില്ല. ഷഫീഖ് എറണാകുളത്തും മറ്റുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്. ചില ബന്ധുക്കളുടേയും സംഘടനകളുടേയും സഹായം കിട്ടുന്നുണ്ടെന്ന വിവരവും പോലീസ് ശേഖരിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയമുള്ള സ്ഥലങ്ങളില്‍ നടത്തിവന്ന തെരച്ചില്‍ മരവിപ്പിച്ചു. അന്വേഷണം ഏകദേശം അവസാനിപ്പിച്ച നിലയിലാണ്.
തൊളിക്കോടുള്ള ചിലര്‍ രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് ഇമാമിന്റെ സഹോദരനായ അല്‍ അമീന്‍ മൊഴി നല്‍കിയിരുന്നു. പക്ഷെ പണം നല്‍കിയവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അല്‍ അമീന് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസിനായിട്ടില്ല.
പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാന്‍ മാതാവും ബന്ധുക്കളും ശ്രമിച്ചുവെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി അന്വേഷണമുണ്ടായില്ല. ബന്ധുക്കള്‍ക്കൊപ്പം വിട്ടുനല്‍കുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ ഇപ്പോഴും സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കാണണമെന്ന് രക്ഷിതാക്കളും ബന്ധുക്കളും സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.