ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം പിടിച്ചെടുക്കാൻ ഇടതുമുന്നണി കച്ചമുറുക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി പൊന്നാനിയിൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത വിജയം കയ്യെത്തിപ്പിടിക്കാൻ ഇത്തവണ കഴിയുമോ എന്നാണ് ഇടതു നേതൃത്വം ഉറ്റുനോക്കുന്നത്. മുസ്‌ലിം ലീഗിന്റെ ശക്തമായ ഈ കോട്ടയിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇടതുപക്ഷം ചില അനുകൂല ഘടങ്ങളും അടിയൊഴുക്കുകളും കാണുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ നേടിയ വിജയങ്ങളും ഇത്തവണ ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‌ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീർ വീണ്ടും മൽസരിക്കുന്നതിനെതിരെ കോൺഗ്രസിൽ നിന്നുയരുന്ന എതിർപ്പുകളും അനുകൂല ഘടകമായി ഇടതുപക്ഷം കാണുന്നു. മികച്ച സ്ഥാനാർഥിയെ നിർത്തി ചിട്ടയായ പ്രചാരണം നടത്തിയാൽ മുസ്‌ലിം ലീഗിന്റെ ഈ കോട്ടയെ അട്ടിമറിക്കാനാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന തിരിക്കിലാണ് ഇടതു നേതാക്കൾ.
പൊന്നാനിയിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ വലിയ തോതിൽ കുറച്ചു കൊണ്ടുവരാനായിട്ടുണ്ടെന്നതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നത്. ഒന്നര പതിറ്റാണ്ടു മുമ്പ് വരെ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന പൊന്നാനിയിൽ ഇപ്പോൾ അത് കാൽ ലക്ഷമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫിനെ ആശങ്കയിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. കുറെ കൂടി ശക്തമായ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലൂടെ ഇത്തവണ വിജയം നേടാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുനേതൃത്വം. മലബാറിൽ യു.ഡി.എഫിന്റെ കയ്യിൽ നിന്ന് പിടിച്ചെടുക്കാൻ ഇടതുമുന്നണി കച്ചകെട്ടിയിറങ്ങുന്ന മണ്ഡലങ്ങളിലൊന്നാകും പൊന്നാനി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മേഖലയിൽ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടതുമുന്നണിയെ പ്രേരിപ്പിക്കുന്നുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലാണ് കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ചത്.
പൊന്നാനിയും തവനൂരും താനൂരും. ഇതിൽ താനൂരിലെ വിജയം യു.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു. താനൂരിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി അബ്ദുറഹ്മാൻ രണ്ടത്താണിയെ തോൽപിച്ച വി. അബ്ദുറഹ്മാനാണ് കഴിഞ്ഞ തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ മൽസരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഏറെ കാലമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന പൊന്നാനി നിയമസഭാ മണ്ഡലത്തിലും ഇത്തവണ മികച്ച പിന്തുണ ലഭിച്ചേക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. മന്ത്രി കെ.ടി.ജലീൽ പ്രതിനിധീകരിക്കുന്ന തവനൂർ മണ്ഡലം ഇപ്പോൾ ഏറെ കുറെ യു.ഡി.എഫിന്റെ പേടി സ്വപ്‌നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ പ്രായോഗികമായി പ്രതിരോധിക്കാൻ കഴിയുന്ന കെ.ടി.ജലീലിന്റെയും സ്പീക്കർ എന്ന നിലയിൽ ജനപ്രീതി നേടിയ പി.ശ്രീരാമകൃഷ്ണന്റെയും സാന്നിധ്യം ഈ മേഖലയിൽ യു.ഡി.എഫിന് കടുത്ത വെല്ലുവിളിയാകും. പൊന്നാനി മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽവി മണത്തിരുന്നു. ഇവിടെയും രാഷ്ട്രീയ അടിത്തറ അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണിയുള്ളത്. തിരൂർ നിയമസഭാ മണ്ഡലം നേരത്തെ ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുള്ളതിനാൽ അതു അനുകൂല ഘടകമായി കാണുന്നുണ്ട്. ബാക്കി വരുന്ന കോട്ടക്കൽ, പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലങ്ങൾ മാത്രമാണ് ഇടതുപക്ഷത്തിന് വെല്ലുവിളിയുയർത്തുന്നത്. ഏഴ് നിയമസഭാ മണ്ഡലത്തിലും കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാനായാൽ പൊന്നാനിയും ഇത്തവണ വരുതിയിലാക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് ഇടതു നേതൃത്വമുള്ളത്.
അതിനിടെ, ഇത്തവണ പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീർ സ്ഥാനാർഥിയാകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് യോഗത്തിൽ പ്രമേയം പാസാക്കിയത് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. കെപിസിസി നേതൃത്വം ഇടപെട്ട് പ്രമേയം പിൻവലിച്ചെങ്കിലും മുന്നണിക്കുള്ളിൽ പടലപ്പിണക്കങ്ങൾ സജീവമാണെന്ന രഹസ്യം പുറത്തായി.
കഴിഞ്ഞയാഴ്ച തിരൂരിൽ നടന്ന പൊന്നാനി പാർലമെൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൗൺസിൽ യോഗത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നു മത്സരിക്കാൻ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഇ.ടി മുഹമ്മദ് ബഷീറിനെ പോലെ മികച്ച പാർലമെൻേററിയനും മതേതരവാദിയും ദളിത് ന്യൂനപക്ഷ വിഭാഗത്തിനായി പോരാടുന്ന വ്യക്തി തുടർന്നും പാർലെമെൻറിൽ എത്തേണ്ടത് ആവശ്യമാണെന്നും പൊന്നാനിയിൽ വിജയം സുനിശ്ചിതമാണെന്നും പറയുന്നതോടൊപ്പം തന്നെ പൊന്നാനിയിൽ അനായാസം വിജയിക്കുന്ന ഒരാളെ നിർത്തണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടക കക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിച്ചിരുന്നു.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെയും അതിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെയും ചില പ്രദേശങ്ങളിൽ കുറച്ചുകാലമായി കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീറിൻെറ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കോൺഗ്രസിൻെറ പൂർണപിന്തുണ ലഭിക്കാത്തതിനാലാണെന്ന ആരോപണമുയർന്നിരുന്നു. ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വിമർശനം ഉന്നയിച്ചത് മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇത്തവണ പൊന്നാനിയിൽ ശക്തമായ മൽസരം നടത്താൻ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനും തന്ത്രപരമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും ഇടതുപക്ഷം പ്രത്യേക ശ്രമങ്ങൾ നടത്തുമെന്നാണ് സൂചന. മലബാറിൽ പയറ്റി വിജയിച്ച പൊതുസ്വതന്ത്രനെ രംഗത്തിറക്കിയുള്ള പോരാട്ടത്തിനാണ് ഇത്തവണയും എൽ.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്.