Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ പ്രതിപക്ഷ സഖ്യമില്ല; കോണ്‍ഗ്രസ് വഴങ്ങുന്നില്ലെന്ന് കേജ്‌രിവാള്‍

ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തുടനീളം ബിജെപി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിനായി കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോള്‍ ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ല. ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്നാണ് കോണ്‍ഗ്രസ് ദല്‍ഹി ഘടകത്തിന്റെ ശക്തമായ നിലപാട്. സഖ്യസാധ്യതകള്‍ക്കുള്ള വാതിലുകള്‍ കോണ്‍ഗ്രസ് തന്നെ കൊട്ടിയടച്ചെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ സഖ്യം ചേരാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു മടുത്തുവെന്ന് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തിയ ആം ആദ്മിയുമായി കൂട്ടുകൂടാന്‍ ഒരുക്കമല്ലെന്ന കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിയുടെ വിജയം ഉറപ്പിക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും ത്രികോണ മത്സരം നടന്നാല്‍ ബിജെപിക്ക് സാധ്യതയും കല്‍പ്പിക്കപ്പെടുന്നുണ്ട്. നിലവില്‍ ദല്‍ഹിയിലെ ഏഴു സീറ്റും ബിജെപിയുടെ കയ്യിലാണ്. ഇത്തവണ ഏഴും സീറ്റും പിടിച്ചെടുക്കുമെന്ന് ആം ആദ്മിയും അവകാശപ്പെടുന്നു.

നരേന്ദ്ര മോഡി-അമിത ഷാ കൂട്ടുകെട്ടിനെ അധികാരത്തില്‍ നിന്നും പുറത്തിറക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇവര്‍ രണ്ടു പേരും സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിരിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തി. പാക്കിസ്ഥാന് 70 വര്‍ഷം കൊണ്ട് ചെയ്യാന് കഴിയാത്തതാണിത്. ഇവരെ തടയാന്‍ എന്തും ചെയ്യും. കോണ്‍ഗ്രസിനോട് പ്രത്യേക സ്‌നേഹമൊന്നുമില്ല- കേജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഈ കുട്ടുകെട്ടിന് ഒരുക്കമല്ല എന്നതു കൊണ്ട് ഞങ്ങള്‍ ഏഴു സീറ്റിലും ഒറ്റയ്ക്കു മത്സരിക്കും-അദ്ദേഹം പറഞ്ഞു. പലസംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര്‍ പ്രദേശിലും ബംഗാളിലും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്?-കേജ്‌രിവാള്‍ ചോദിച്ചു. 

ദല്‍ഹിയില്‍ ബദ്ധവൈരികളാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം രൂപീകരിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും പരാജയപ്പെടുത്തിയ ആം ആദ്മി തങ്ങളുടെ വോട്ട് അടിത്തറ കവര്‍ന്നെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

Latest News