കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു സമരത്തിന് സാഹിത്യ അക്കാദമി അങ്കണം സാക്ഷ്യം വഹിച്ചു. വാഴപ്പിണ്ടിയുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവ സാഹിത്യകാരന്മാർക്ക് നൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കാസർകോട്ട് നടന്ന ഇരട്ടക്കൊലപാതകത്തിൽ മൗനം പാലിക്കുന്ന നട്ടെല്ലില്ലാത്ത എഴുത്തുകാർ നട്ടെല്ലായി ഉപയോഗിക്കാനാണ് വാഴപ്പിണ്ടി നൽകിയത്. തീർച്ചയായും വളരെ പ്രസക്തവും സർഗാത്മകവുമാണ് ഈ സമര രൂപം. അതു മനസ്സിലായതിനാൽ തന്നെയാണ് സമാധാനപരമായി നടന്ന ഈ സമരത്തെ ആക്രമമെന്നു മുദ്രയടിച്ച് അക്കാതിന്, അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘവും എന്തിന്, മുഖ്യമന്ത്രി പോലും രംഗത്തെത്തിയത്.
വാസ്തവത്തിൽ കാസർകോട്ട് നടന്ന നിഷ്ഠുരമായ കൊലകളേക്കാൾ ഭീകരമാണ് അതിനെ ന്യായീകരിക്കാൻ പാടുപെടുന്നവരുടെ ക്രൂരത. അതുപോലെ നിശ്ശബ്ദരായിരിക്കുന്നവരുടെ നിസ്സംഗതയും. ന്യായീകരണത്തിൽ ഓൺലൈൻ ആക്ടിവിസ്റ്റുകളാണ് മുന്നിൽ. പ്രശസ്തരായ സാഹിത്യകാരന്മാർ പോലും അതിലുൾപ്പെടുന്നു.
ആക്രമണങ്ങളെ അപലപിക്കുന്നതായി നടിക്കുന്ന ചിലരാകട്ടെ കൊലപാതക പാർട്ടികളുടെ പേരു പറയാൻ തയാറാകുന്നില്ല. മാത്രമല്ല, മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം സംഭവങ്ങൾ ശരിയാണെന്നും ഇനിയും ആവർത്തിക്കുമെന്നും പരോക്ഷമായി പറയാനാണ് അവർ കൂടുതൽ പാടുപെടുന്നത്.
ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന സംഭവ വികാസങ്ങളുടെ പേരിൽ ശക്തമായ പ്രതിഷേധം ഉയരുന്ന പ്രദേശമാണ് കേരളം. എഴുത്തുകാർ തന്നെയാണ് അതിൽ മുന്നിൽ. എന്നാൽ ഇവിടെ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന നിഷ്ഠുരകൊലകൾക്കെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉയരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറെക്കുറെ എല്ലാ രാഷ്ട്രീയക്കാർക്കും ഏറിയും കുറഞ്ഞും ഇതിൽ പങ്കാളിത്തമുണ്ട് എന്നതിനാൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ പൊതുവായ മുന്നേറ്റത്തിനു സാധ്യത കുറവാണ്.
എന്നാൽ സാംസ്‌കാരിക പ്രവർത്തകരുടേയും സാഹിത്യകാരന്മാരുടേയും കാര്യം അങ്ങനെയല്ലല്ലോ. അങ്ങനെ ആകുകയുമരുത്. പക്ഷേ അവരും പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരണത്തൊഴിലാളികളാകുന്നതാണ് കാണുന്നത്. സാഹിത്യ മേഖലയിലെ അധികാരങ്ങൾക്കും പുരസ്‌കാരങ്ങൾക്കുമായി സ്വന്തം പ്രതിഭ രാഷ്ട്രീയ നേതാക്കൾക്ക് പണയം വെച്ചവരാണ് അവരിൽ ഭൂരിഭാഗവും. അവർക്കില്ലാത്ത ഒന്നാണ് നട്ടെല്ല്. അതിനാലാണ് വാഴപ്പിണ്ടിയുമായി സാഹിത്യ അക്കാദമിയിലേക്ക് നടത്തിയ മാർച്ച് പ്രസക്തമാകുന്നത്. തീർച്ചയായും ഈ പ്രതിഷേധം ശരിയാണ്, സർഗാത്മകമാണ്. സ്വന്തം പാർട്ടി ചെയ്യുന്ന നിഷ്ഠുരമായ കൊലകളെ പോലും ന്യായീകരിക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കുമെല്ലാം ഇത്തരം നട്ടെല്ല് കൊടുക്കേണ്ടതാണ്.
കൊലപാതക രാഷ്ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂരിൽ സുഗതകുമാരിയുടേയും സാറാ ജോസഫിന്റേയും മറ്റും നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് അമ്മമാരുടെ പ്രതിഷേധവും മറ്റും നടക്കുകയുണ്ടായി. ഇടക്ക് സിനിമാതാരങ്ങളും രംഗത്തിറങ്ങിയിരുന്നു. കൊടുങ്ങല്ലൂരിലും അത്തരത്തിലുള്ള നീക്കങ്ങൾ നടന്നിരുന്നു. അടുത്തയിടെ 2018 ൽ ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലും ചില മുൻകൈകൾ ഉണ്ടായി. എന്നാൽ അവയെല്ലാം നാമമാത്രമാണെന്നതാണ് വസ്തുത. എന്തായാലും ജനാധിപത്യ കേരളത്തിന്റെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
കമ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരനായിരുന്നു കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂരിലെ ആദ്യ രക്തസാക്ഷി. കോൺഗ്രസുകാരായിരുന്നു പ്രതികൾ. തുടർന്നും പലവട്ടം കമ്യൂണിസ്റ്റുകാർ ആക്രമിക്കപ്പെട്ടെങ്കിലും കാര്യമായി തിരിച്ചടിക്കാറില്ല. എ കെ ഗോപാലന്റെ നേതൃത്വത്തിൽ ഗോപാല സേനയൊക്കെ പ്രവർത്തിച്ചിരുന്നെങ്കിലും രാഷ്ട്രീയ കൊലകളൊന്നും നടത്തിയിരുന്നില്ല. 1970 കളോടെയാണ് സിപിഎമ്മും ആക്രമ രാഷ്ട്രീയത്തിന്റെ പാതയിലെത്തിയത്. കോൺഗ്രസിനു പകരം ആർ. എസ്. എസ് ആയിരുന്നു പ്രധാന എതിരാളി. അന്നാരംഭിച്ച കൊലപാതക പരമ്പര ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിനു പേർ കൊലക്കത്തിക്കിരയായി. ഇവരിരു കൂട്ടർക്കും പുറമെ കോൺഗ്രസ്, മുസ്‌ലിം ലീഗ്, എസ് ഡി പി ഐ സംഘടനകളും പലപ്പോഴും കൊലപാതക രാഷ്ട്രീയത്തിൽ പങ്കാളികളായി. കണ്ണൂർ മോഡലാണ് വടക്കോട്ട് കാസർകോട്ടേക്കും തെക്കോട്ട് കോഴിക്കോട്ടേക്കും നീളുന്നത്. ഇത്രത്തോളം വരില്ലെങ്കിലും സംസ്ഥാനത്തെ മറ്റനവധി മേഖലകളിലും നിരവധി കക്ഷിരാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നു. ഒരു കൊലയും പകരം വീട്ടാതെ വിടുന്ന ചരിത്രമില്ല. ചിലപ്പോൾ മണിക്കൂറുകൾക്കകം. ദശകങ്ങൾ കാത്തിരുന്നാലും പകരം വീട്ടിയിരിക്കും. പലപ്പോഴും കൊല്ലപ്പെടുന്നത് സജീവ പ്രവർത്തകരാകില്ല, അനുഭാവികളായിരിക്കും. മിക്കവാറും പേർ പാവപ്പെട്ടവരും പിന്നോക്ക ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരും. ഏതു നിമിഷവും കൊല നടത്താൻ ഇരുകൂട്ടരും സജ്ജരാണ്. കൊല ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും പലപ്പോഴും അയൽപക്കക്കാരും പരിചയക്കാരുമൊക്കെയാണെന്നതാണ് മറ്റൊന്ന്. കക്ഷിരാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾക്ക് അതുപോലും കാണാനാവുന്നില്ല. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോർ ബോർഡ് വെച്ച സംഭവവും വർഷങ്ങൾക്കു മുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട് -പ്രത്യകിച്ച് തലശ്ശേരിയിൽ. സംസ്ഥാനത്ത് പാർട്ടി ഗ്രാമങ്ങൾ നിലനിൽക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാർട്ടികളുടെ നാടാണിത്. അവിടങ്ങളിൽ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങൾ പൂർണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കിൽ അതാത് പാർട്ടിയുടെ അനുമതി വേണം.
കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോൾ എത്രയോ ബലികുടീരങ്ങൾ കാണാം. എതിരാളികളാൽ കൊല്ലപ്പെട്ടവർ മാത്രമല്ല, ബോംബുണ്ടാക്കുമ്പോൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലിൽ പോകുക. ആ ലിസ്റ്റ് പാർട്ടികൾ തന്നെയുണ്ടാക്കി പോലീസിനു നൽകാറാണു പതിവ്. അടുത്ത കാലം വരെ ഇത്തരത്തിൽ ജയിലിൽ പോകാൻ ആളുകർ തയാറായിരുന്നു. ജയിലിൽ പോകുന്നവരുടെ കുടുംബം പാർട്ടികൾ പുലർത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാൻ ആരംഭിച്ചു. കുറ്റമേൽക്കാൻ വിസമ്മതിക്കുന്നവർ ധാരാളം. അങ്ങനെയാണ് ക്വട്ടേഷൻ സംഘങ്ങൾ രംഗത്തു വരാൻ തുടങ്ങിയത്.
മറ്റു പ്രദേശങ്ങളൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കണ്ണൂരിലെ ഈ സവിശേഷതയെ കുറിച്ച് പലരും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അങ്കച്ചേകവന്മാരിലും സർക്കസിലും കളരിയിലുമൊക്കെ അതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ഏറെക്കുറെ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന എൻ ഉല്ലേഖിന്റെ പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്. മുൻ കമ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകനാണ് ഉല്ലേഖ്.
ഗവേഷണങ്ങളും പഠനങ്ങളും ന്യായീകരണങ്ങളും സമാധാന സമ്മേളനങ്ങളും ഹർത്താലുകളും മുതലക്കണ്ണീരുമെല്ലാം നടക്കട്ടെ. വേണ്ടത് കൊലപാതക രാഷ്ട്രീയവും കൊലയാളി പാർട്ടികളും നമുക്കു വേണ്ട എന്ന ജനങ്ങളുടെ പ്രഖ്യാപനമാണ്. അവർക്ക് നേതൃത്വം കൊടുക്കേണ്ടത് സാംസകാരിക പ്രവർത്തകരും എഴുത്തുകാരുമൊക്കെയാണ്. എന്നാലവർ നട്ടെല്ലില്ലാത്തവരായാൽ എന്തു ചെയ്യും എന്നതാണ് പ്രശ്‌നം...