Sorry, you need to enable JavaScript to visit this website.

മായാവതി സ്വന്തം വഴി തേടുന്നു; നാല് സംസ്ഥാനങ്ങളില്‍ മഹാസഖ്യം അകലെ

ന്യൂദല്‍ഹി- ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ ദേശീയ തലത്തില്‍ വിശാല സഖ്യം രൂപപ്പെടുത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ തകരുന്നു. ചുരുങ്ങയത് നാല് പ്രധാന സംസ്ഥാനങ്ങളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി മഹാസഖ്യനീക്കം തകര്‍ക്കുമെന്ന് ഉറപ്പായി.
ബിഹാറില്‍ പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ശ്രമം തുടങ്ങിയിരിക്കെ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ബി.എസ്.പി.
ഉത്തര്‍പ്രദേശിനു പുറമെ സമാജ് വാദി പാര്‍ട്ടുയമായുള്ള സഖ്യം ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ബി.എസ്.പി പ്രഖ്യാപിച്ചു. ഇതോടെ ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വേറിട്ടു മത്സരിക്കുമെന്ന് ഉറപ്പായി.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.എസ്.പി തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ബിഹാര്‍ ഇന്‍ചാര്‍ജ് ലാല്‍ജി മേധ്കര്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും മത്സരിക്കുന്നതിന് തയാറെടുക്കാനാണ് പാര്‍ട്ടി അധ്യക്ഷ മായാവതി നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു. ബി.എസ്.പി മഹാസഖ്യത്തിന്റെ ഭാഗമാകില്ലെന്നും ദല്‍ഹിയില്‍ 28ന് ചേരുന്ന യോഗത്തിനുശേഷം മായാവതി അന്തിമ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബി.എസ്.പിയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും അവരുടെ നേതാക്കളുമായി ബന്ധപ്പെട്ട് മഹാസഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം തുടരുമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മായാവതി കൂടി മഹാസഖ്യത്തില്‍ ചേരുന്നതിന് ബിഹാറിലെ പാര്‍ട്ടികള്‍ കാത്തിരിക്കുന്നതിനിടയിലാണ് തിരിച്ചടി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ യുനൈറ്റഡ് ജനതാദള്‍ ഉള്‍പ്പെടുന്ന ബി.ജെ.പിയുടെ എന്‍.ഡി.എയെ തോല്‍പിക്കാന്‍ മഹാസഖ്യത്തിന് സാധിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, മുന്‍ കേന്ദ്രമന്ത്രി ഉപേദന്ദ്ര കുശ് വാഹയുടെ രാഷ്ടീയ ലോക സമാതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം), മുകേഷ് സാഹ്്‌നിയുടെ വികസ്സീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നിവയാണ് നിലവില്‍ ബിഹാറിലെ മഹാസഖ്യത്തിലുള്ളത്.
സീറ്റ് ചര്‍ച്ച തുടങ്ങിയ നേതാക്കള്‍ മായാവതിയെ കൂടി സഖ്യത്തിലെത്തിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. ബിഹാറില്‍നിന്ന് ബി.എസ്.പിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 

Latest News