റിയാദ് - ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി നിയമിതനായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ യെമൻ അതിർത്തിയിൽ സന്ദർശനം നടത്തി. സൈനികരുടെ പോരാട്ടശേഷിയും സൈനികർ സിദ്ധിച്ച ഉയർന്ന പരിശീലനവും അഭിമാനകരമാണെന്ന് ഖാലിദ് രാജകുമാരൻ പറഞ്ഞു. ദക്ഷിണ അതിർത്തിയിൽ വിവിധ സൈനിക യൂനിറ്റുകൾ നിർവഹിക്കുന്ന ദൗത്യങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ ഖാലിദ് രാജകുമാരനു മുന്നിൽ വിശദീകരിച്ചു. രാജ്യത്തിന് സംരക്ഷണം നൽകുന്നതിനും ഏറ്റവും ഭംഗിയായി കൃത്യനിർവഹണം നടത്തുന്നതിനും സാധിക്കുന്നതിന് ഭരണാധികാരികൾ സൈന്യത്തിന് ലഭ്യമാക്കിയ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പ്രശംസനീയമാണെന്ന് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിലെ സിവിൽ, സൈനിക ഉദ്യോഗസ്ഥരെ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രതിരോധ മന്ത്രാലയം നവീകരിക്കുന്നതിന് താൻ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സ്വീകരണ ചടങ്ങിൽ പറഞ്ഞു.