Sorry, you need to enable JavaScript to visit this website.

യു.പി: മതേതര സഖ്യം ഒരു ചുവട് മുന്നിൽ

  • ബി.ജെ.പി സഖ്യകക്ഷി കോൺഗ്രസുമായി ചർച്ച നടത്തി


ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യം സീറ്റും മണ്ഡലവും വിഭജിച്ച് നേരത്തെ കളത്തിലിറങ്ങി. അതേസമയം കഴിഞ്ഞ തവണ തങ്ങൾക്കൊപ്പമുണ്ടായിരുന്ന സഖ്യ കക്ഷികളെ കൂടെ നിർത്താൻ ഇതുവരെ ബി.ജെ.പിക്കു സാധിച്ചിട്ടില്ല. കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേൽ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി ചർ്ച്ച നടത്തി. 
സംസ്ഥാനത്തെ 80 മണ്ഡലങ്ങളിൽ എഴുപത്തെട്ടിലാണ് എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കുക. 37 മണ്ഡലങ്ങളിൽ സമാജ് വാദി പാർട്ടിയും 38 മണ്ഡലങ്ങളിൽ ബി.എസ്.പിയും. മൂന്ന് മണ്ഡലങ്ങൾ മറ്റൊരു സഖ്യ കക്ഷിയായ രാഷ്ട്രീയ ലോക്ദളിന് നൽകി. രാഹുൽഗാന്ധി മത്സരിക്കുമെന്നു കരുതുന്ന അമേത്തിയിലും സോണിയാഗാന്ധി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന റായ്ബറേലിയിലും സഖ്യം സ്ഥാനാർഥികളെ നിർത്തില്ല. 
കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജയിച്ച വരാണസി എസ്.പിക്കാണ് കിട്ടിയിരിക്കുന്നത്. ഖൈറാന, മുറാദാബാദ്, സംഭാൽ, രാംപൂർ, മെയിൻപുരി, ഫിറോസാബാദ്, ബദൗൻ, ബറേലി, ലഖ്‌നൗ, ഇറ്റാവ, കാൺപൂർ, കനോജ്, ഝാൻസി, ബാണ്ട, അലഹാബാദ്, കൗശാംബി, ഫൂൽപൂർ, ഫൈസാബാദ്, ഗോണ്ട, ഗോരഖ്പൂർ, അസംഗഢ്, മിർസാപൂർ തുടങ്ങിയ മണ്ഡലങ്ങളും എസ്.പി ലിസ്റ്റിലാണ്. 
സഹാറൻപൂർ, ബിജ്‌നൂർ, നഗീന, അലിഗഢ്, ആഗ്ര, ഫത്തേപൂർ സിക്രി, ധൗരാഹര, സുൽത്താൻപൂർ, പ്രതാപ്ഗഢ്, കൈസർഗഞ്ച്, ബസ്തി, സേലംപൂർ, ജോധ്പൂർ, ഭദോഹി, ദേവരിയ തുടങ്ങിയവ ബി.എസ്.പിക്ക് കിട്ടി. 
മണ്ഡലങ്ങൾ വിഭജിച്ച രീതി ഇരു പാർട്ടികളിലും കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. 2014 ൽ എസ്.പിയേക്കാൾ വോട്ട് കിട്ടിയ പല മണ്ഡലങ്ങളും ബി.എസ്.പിക്കും തിരിച്ചും നഷ്ടപ്പെട്ടു. ഇത്തരം 26 മണ്ഡലങ്ങളിൽ വിമത ശല്യം രൂക്ഷമാവാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് ഹർദോയിയിൽ 2014 ൽ ബി.എസ്.പിക്ക് 2.79 ലക്ഷം വോട്ടും എസ്.പിക്ക് 2.76 ലക്ഷം വോട്ടും കിട്ടി. ഇത്തവണ ഈ സീറ്റ് നൽകിയിരിക്കുന്നത് എസ്.പിക്കാണ്. അംറോഹയിൽ എസ്.പി സ്ഥാനാർഥിക്ക് 3.7 ലക്ഷവും ബി.എസ്.പി സ്ഥാനാർഥിക്ക് 1.62 ലക്ഷം വോട്ടുമാണ് ലഭിച്ചത്. എന്നാൽ ബി.എസ്.പി ലിസ്റ്റിലാണ് അംറോഹ ഇത്തവണ. കഴിഞ്ഞ ഇലക്ഷനിൽ എസ്.പി കൂടുതൽ വോട്ട് നേടിയ 12 മണ്ഡലങ്ങൾ ബി.എസ്.പി ലിസ്റ്റിലുണ്ട്. ബി.എസ്.പിക്ക് കൂടുതൽ വോട്ട് കിട്ടിയ 14 മണ്ഡലങ്ങളിൽ എസ്.പിയും മത്സരിക്കും.
സമാജ്‌വാദി പാർട്ടിയുടെ പഴയ നേതാവ് ശിവപാൽ യാദവിന്റെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനൊരുങ്ങുന്നുണ്ട്. സമാജ്‌വാദി പാർട്ടിയിലെ അതൃപ്തി മുതലെടുത്ത് കൂടുതൽ പേരെ പാട്ടിലാക്കാൻ അദ്ദേഹം കിണഞ്ഞു ശ്രമിക്കുന്നുണ്ട്. 
കഴിഞ്ഞ തവണ എസ്.പി അഞ്ച് സീറ്റ് നേടിയിരുന്നു. ഫിറോസാബാദ്, മെയിൻപുരി, ബദൗൻ, കനോജ്, അസംഗഢ് എന്നിവിടങ്ങളിൽ. ഈ സീറ്റുകളിലെല്ലാം എസ്.പി വീണ്ടും മത്സരിക്കും. അഖിലേഷ് യാദവ് കനൗജിൽ നിന്ന് ജനവിധി തേടും. മുലായം സിംഗ് സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും മെയിൻപുരിയിൽ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ ലോക്ദളിന്റെ തബസ്സും ബീഗം 2014 ൽ ജയിച്ച ഖൈറാനയിലും എസ്.പിയാണ് മത്സരിക്കുക. ബി.എസ്.പിക്ക് കഴിഞ്ഞ തവണ സീറ്റ് കിട്ടിയിരുന്നില്ല. 
2014 ൽ കോൺഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. അമേത്തിയും റായ്ബറേലിയും മാത്രം. ആറ് സീറ്റിൽ അവർ രണ്ടാം സ്ഥാനത്തെത്തി. ഈ മണ്ഡലങ്ങളിലെല്ലാം ഇത്തവണ ശക്തമായ ത്രികോണപ്പോരാട്ടത്തിന് സാധ്യതയുണ്ട്. ഇതിൽ സഹാറൻപൂരിൽ ബി.എസ്.പിയാണ് മത്സരിക്കുക. ഗാസിയാബാദ്, ലഖ്‌നൗ, കാൺപൂർ, ബാരാബങ്കി, കുശിനഗർ എന്നിവിടങ്ങളിൽ എസ്.പിയായിരിക്കും പൊരുതുക. ഗോരഖ്പൂരും ഫൂൽപൂരും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് എസ്.പി പിടിച്ചെടുത്തിരുന്നു. രണ്ടിടത്തും എസ്.പി തന്നെ മത്സരിക്കും. സമാജ്‌വാദി പാർട്ടിയുടെ കുടുംബ മണ്ഡലമായി കരുതുന്ന ഇറ്റാവ ഇത്തവണ പട്ടികജാതി സംവരണ സീറ്റാണ്. 
അപ്‌നാദൾ എസും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമാണ് (എസ്.ബി.എസ്.പി) ബി.ജെ.പിക്കൊപ്പമുള്ള പ്രാദേശിക കക്ഷികൾ. അപ്‌നാദൾ ലീഡർ അനുപ്രിയ പട്ടേൽ കേന്ദ്ര മന്ത്രിയാണ്. എന്നാൽ പാർട്ടി കടുത്ത അസംതൃപ്തിയിലാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എൻ.ഡി.എ വിടുമെന്ന് എസ്.ബി.എസ്.പിയും വെല്ലുവിളി മുഴക്കിയിട്ടുണ്ട്. 
കിഴക്കൻ യു.പിയിലും ബുന്ദേൽഖണ്ഡ് മേഖലയിലുമുള്ള കുർമി സമുദായത്തിലാണ് അപ്‌നാദളിന് സ്വാധീനം. 1995 ൽ പ്രാദേശിക നേതാവ് സോനേലാൽ പട്ടേലാണ് പാർട്ടി രൂപീകരിച്ചത്. അപ്‌നാദൾ (സോനേലാൽ) വിഭാഗമാണ് ഇപ്പോൾ ബി.ജെ.പിക്കൊപ്പമുള്ളത്. സോനേലാലിന്റെ മകളാണ് അനുപ്രിയ.
അവിഭക്ത അപ്‌നാദൾ 2007 ൽ 39 നിയമസഭാ മണ്ഡലങ്ങളിലും 2009 ൽ 29 ലോക്‌സഭാ മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും പച്ച തൊട്ടില്ല. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 മണ്ഡലങ്ങളിൽ മത്സരിച്ചു. റുഹാനിയ മണ്ഡലത്തിൽ അനുപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. 2014 ലെ ലോക്‌സഭാ ഇലക്ഷനിൽ ബി.ജെ.പി സഖ്യകക്ഷിയായി രണ്ടിടത്ത് മത്സരിച്ചു, രണ്ടിലും ജയിച്ചു. മിർസാപൂരിൽ അനുപ്രിയയും പ്രതാപ്ഗഢിൽ ഹരിവംശ് സിംഗ്. തുടർന്ന് അനുപ്രിയ നിയമസഭാ സീറ്റ് രാജിവെക്കുകയും അമ്മ അവിടെ മത്സരിച്ച് തോൽക്കുകയും ചെയ്തു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം 11 മണ്ഡലങ്ങളിൽ മത്സരിച്ചു, ഒമ്പത് സീറ്റിൽ ജയിച്ചു. 
അപ്‌നാദൾ യൂത്ത് നേതാവായിരുന്ന ഓംപ്രകാശ് രാജഭർ സ്ഥാപിച്ച പാർട്ടിയാണ് എസ്.ബി.എസ്.ബി. രാജ്ഭർ ഇപ്പോൾ ഉത്തർപ്രദേശിൽ മന്ത്രിയാണ്. സോനേൽ ഇലക്ഷനിൽ ടിക്കറ്റ് നൽകാതിരുന്നതോടെയാണ് രാജ്ഭർ പാർട്ടി വിട്ടത്. 2003 ൽ ഒരു നിയമസഭാ മണ്ഡലത്തിലും 2004 ൽ 12 ലോക്‌സഭാ മണ്ഡലങ്ങളിലും 2007 ൽ 97 നിയമസഭാ മണ്ഡലങ്ങളിലും 2009 ൽ 16 ലോക്‌സഭാ മണ്ഡലങ്ങളിലും 2012 ൽ 52 നിയമസഭാ മണ്ഡലങ്ങളിലും 2014 ൽ 12 ലോക്‌സഭാ മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും ഒരിടത്തും എസ്.ബി.എസ്.പി ജയിച്ചില്ല. 2016 ലാണ് ബി.ജെ.പി സഖ്യ കക്ഷിയായത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടിടത്ത് മത്സരിച്ചു, നാലിൽ ജയിച്ചു.
എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചിരിക്കേ ചെറു പാർട്ടികൾ ബി.ജെ.പിക്ക് സുപ്രധാനമാണ്. അത് തിരിച്ചറിഞ്ഞ് പ്രസിഡന്റ് അമിത് ഷാ തന്നെ ഇരു പാർട്ടികളുടെയും നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അപ്‌നാദളിന് സ്വാധീനമുള്ള ഫൂൽപൂരിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുകയായിരുന്നു. 

Latest News