തൃശൂർ - സീറ്റു വിഭജനുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസുമായി നാളെ ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭ സീറ്റുകൾ രണ്ടെണ്ണം വേണമെന്ന് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. ഇത് ജനാധിപത്യ മുന്നണിയാണ്, ഏകാധിപത്യ മുന്നണിയല്ല. സീറ്റു തർക്കവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് പിളരില്ലെന്നും ചെന്നിത്തല തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എൻ.എസ്.എസിനെ ഭീഷണിപ്പെടുത്തുന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് ശരിയല്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്നതിന്റെ തെളിവാണിത്. ചർച്ച വേണ്ടെന്ന് എൻ.എസ്.എസ് പറഞ്ഞപ്പോഴാണ് ഭീഷണി. ഇത് കേരളത്തിൽ വേണ്ടെന്നും കമ്യൂണിസ്റ്റ് രാജ്യത്തിൽ നടത്തിയാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഭരണമുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്നാണ് കോടിയേരിയുടെ നിലപാട്. എതിർക്കുന്നവരെ മുഴുവൻ അടിച്ചമർത്താമെന്ന മോഹം കേരളത്തിൽ നടക്കില്ലെന്ന് കോടിയേരി മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പെരിയ ഇരട്ടകൊലപാതക കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിന് ഉന്നത ഗൂഢാലോചനയാണ് നടത്തുന്നത്. കൊലപാതകികൾക്ക് എല്ലാ സഹായവും സർക്കാരും പാർട്ടിയുമാണ് നൽകുന്നത്. കേസ് സി.ബി.ഐക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടു പോകും.
സുകുമാർ അഴീക്കോടിന്റെ പ്രസക്തി ഇപ്പോഴാണ് മനസിലാകുന്നത്. സാംസ്‌കാരിക നായകൻമാർ കൊടിയുടെ നിറം നോക്കിയാണ് പ്രതികരിക്കുന്നത്. എന്നാൽ അഴീക്കോട് അങ്ങിനെയായിരുന്നില്ലെന്നും ചെന്നിത്തല ഓർമിപ്പിച്ചു. ഇതിനെതിരെയുള്ള വികാര പ്രകടനമാണ് യൂത്ത് കോൺഗ്രസുകാർ നടത്തിയ വാഴപിണ്ടി സമരമെന്നും ചെന്നിത്തല ന്യായീകരിച്ചു. ചർച്ച് ആക്ട് ബിൽ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ക്രൈസ്തവർക്കു നേരെയുള്ള കടന്നാക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ യു.ഡി.എഫ് അതിശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കൾക്കെതിരെ കടന്നാക്രമണം നടത്തിയ സർക്കാർ ഈ ബില്ലിലൂടെ ക്രൈസ്തവർക്കെതിരെയും കടന്നാക്രമണം നടത്താൻ തയ്യാറാകൂകയാണ്. ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. പള്ളികളും സ്ഥാവരജംഗമ വസ്തുക്കളും വിശ്വാസികളുടേതാണ്. ഇടവകകളുടെ സ്വത്ത് സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതംഗീകരിക്കാൻ സാധിക്കില്ല. ബിൽ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു