Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക് ബസ് കന്നിയാത്രയില്‍  ചാര്‍ജില്ലാതെ വഴിയില്‍ കുടുങ്ങി 

ആലപ്പുഴ: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു.
ചേര്‍ത്തല എക്‌സറേ ജങ്ഷനില്‍ എത്തിയപ്പോഴാണ് ബസ് നിന്നുപോയത്. യാത്ര പാതിവഴിയില്‍ മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 
തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ചായിരുന്നു വാഹനങ്ങള്‍ പുറത്തിറക്കിയത്.
എന്നാല്‍ പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കാണെന്ന് ബസിലെ കണ്ടക്ടര്‍ ഫാത്തിമ പറഞ്ഞു. 
തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട് മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നുവെന്ന് ഫാത്തിമ പറയുന്നു.
യാത്രക്കാര്‍ക്ക് ആദ്യയാത്രയില്‍ ബുദ്ധിമുട്ട് ഉണ്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിടാന്‍ സാധിച്ചെന്ന് ഫാത്തിമ പ്രതികരിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകളുടെ സര്‍വ്വീസാണ് ആരംഭിച്ചത്. 
നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക്  മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്  ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 

Latest News