അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ പ്രതീകാത്മകമായി നിറയൊഴിച്ചവര്‍ക്ക് വമ്പന്‍ സ്വീകരണം നല്‍കി ഹിന്ദുമഹാസഭ.
കേസില്‍ ജാമ്യത്തിലിറങ്ങിയ ഹിന്ദുമഹാസഭ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡ ഉള്‍പ്പെടെയുള്ള 30 പേര്‍ക്കാണ് ഹിന്ദുമഹാസഭ സ്വീകരണം ഒരുക്കിയത്. ഫെബ്രുവരി 14ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ക്ക് ഇന്നലെയായിരുന്നു അലിഗഡില്‍ ഹിന്ദുമഹാസഭയുടെ സ്വീകരണം.
ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച നേതാക്കള്‍ ഗോഡ്‌സെയുടെ പുസ്‌കങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഹിന്ദു മഹാസഭാ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് പൂജ ശകുന്‍ പാണ്ഡെയ്ക്ക് വാളും ഭഗവദ് ഗീതയും നല്‍കിയാണ് സ്വീകരിച്ചത്. ഗാന്ധി വധം പുനരാവിഷ്‌കരിച്ചതിലൂടെ പൂജ ശകുന്‍ പാണ്ഡെ തെറ്റൊന്നും ചെയ്തില്ലെന്ന് ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് പറഞ്ഞു.
ഗാന്ധിവധം പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഗാന്ധിക്കോലത്തിനു നേരെ ഇവര്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസായി ആചരിക്കുന്നത് ഹിന്ദു മഹാസഭയില്‍ പതിവായിരുന്നെങ്കിലും ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് ആദ്യമായിട്ടായിരുന്നു.
രാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്‌നത്തെ ലഘൂകരിച്ചുകൊണ്ട് പൂജ അന്ന് പറഞ്ഞത്.