അഹമ്മദാബാദ്: മരിച്ചയാളുടെ പേരില്‍ കേസെടുത്ത് ഗുജറാത്ത് പൊലീസ്!! കേസിലെ കേന്ദ്ര കഥാപാത്രം മറ്റാരുമല്ല 'പശു' തന്നെ.
റോഡിലേക്കു പെട്ടെന്നു ചാടക്കയറിയ പശുക്കള്‍ക്കുമേല്‍ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച യുവാവിനെതിരെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്. ബൈക്കിനുമുന്‍പില്‍ പെട്ടെന്ന് പശുക്കളെത്തിയതുമൂലം ബാലന്‍സ് തെറ്റുകയും യാത്രികന് അപകടം സംഭവിക്കുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് പട്ടേലിന്റെ മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍, അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് ഐ.പി.സി 279 പ്രകാരമാണ് മരിച്ചയാളെ പ്രതിചേര്‍ത്ത് അഹമ്മദാബാദ് പൊലീസ് കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ജയിന്റെ അച്ഛന്‍ മഹേഷ് പട്ടേലിനെ പൊലീസ് വിളിപ്പിച്ചിരുന്നു. മകന്‍ വാഹനമോടിക്കുന്നതിനിടെ രണ്ടു തെരുവുപശുക്കള്‍ പെട്ടെന്നു മുന്‍പില്‍ എത്തിപ്പെടുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിയും മുന്‍പേ അപകടം സംഭവിച്ചതായും മഹേഷ് പട്ടേല്‍ പറഞ്ഞു. നാല്‍ക്കാലികളെ റോഡിലേക്ക് അലസമായി പറഞ്ഞുവിട്ട ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം മകനെതിരേ കേസെടുത്ത നടപടി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.