ഇസ്ലാമാബാദ്- പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന ഇന്ത്യ സമാധാനത്തിന് ഒരു അവസരം നല്‍കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ നല്‍കിയാല്‍ ഉടന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇംറാന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സമാധാനം തന്ത്രപൂര്‍വം മറക്കുന്നത് ഖേദകരമാണെന്നും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഒരു ട്വീറ്റിലൂടെ പുറത്തുവിട്ട ഇംറാന്റെ പ്രസ്താവനയില്‍ പറയുന്നു. ഇംറാന്‍ ശരിക്കും 'പഠാന്റെ മകന്‍' ആണെങ്കില്‍ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സത്യസന്ധ്യമായി പ്രവര്‍ത്തിക്കണമെന്ന പ്രധാനന്ത്രി നരേന്ദ്ര മോഡിയുടെ വെല്ലുവിളിക്കു മറുപടിയായാണ് ഇംറാന്‍ സമാധാന അപേക്ഷയുമായി രംഗത്തെത്തിയത്.
2015 ഡിസംബറില്‍ പ്രധാനമന്ത്രി മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു മുന്‍ഗണന നല്‍കുമെന്ന് ഞങ്ങള്‍ അംഗീകരിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകാന്‍ ഒരു ഭീകരവാദ സംഭവങ്ങളേയും അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു. എന്നിരുന്നാലും പുല്‍വാമയ്ക്കു വളരെ മുമ്പു തന്നെ ഈ ശ്രമങ്ങളെല്ലാം 2018 സെപ്തംബറില്‍ തന്നെ അവതാളത്തിലായി. ഇപ്പോള്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സമാധാനം മറന്നു പോയിരിക്കുന്നു. പ്രധാനമന്ത്രി മോഡി സമാധാനത്തിന് ഒരു അവസരം നല്‍കണം- പ്രസ്താവനയില്‍ പറയുന്നു.
مودی کے بیان پر وزیراعظم عمران خان نے کہا کہ وہ اپنے بیان پر اب بھی قائم ہیں اور مزید کہا کہ انہوں نے دسمبر 2015 میں مودی کے ساتھ ملاقات میں یہ کہا تھا کہ ہمیں غربت کے خاتمے کیلئے مل کر کام کرنا چاہئے، جبکہ اب انتخابات کے باعث انڈیا میں امن برباد کیا جا رہا ہے۔#PulwamaAttack pic.twitter.com/nxiu3465PD
— PTI (@PTIofficial) February 24, 2019
ഇന്ത്യ തെളിവുകള്‍ കൈമാറിയാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് ഇംറാന്‍ ഖാന്‍ കഴിഞ്ഞയാഴ്ചയും വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ പ്രതികരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇംറാന്റെ വാക്കുകള്‍ വിശ്വാസ്യ യോഗ്യമല്ലെന്നാണ് ഇന്ത്യ പ്രതികരിച്ചത്. പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദും അതിന്റെ തലവന്‍ മസൂദ് അസ്ഹറും പാക്കിസ്ഥാനിലാണ് ഉള്ളത്. നടപടിയെടുക്കാന്‍ ഇതുതന്നെ മതിയായ തെളിവാണെന്ന് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിരുന്നു.