കൊണ്ടോട്ടി- വീടുകള്‍ കേന്ദ്രീകരിച്ച് അനധികൃത വിദേശ മദ്യവില്‍പ്പന നടത്തുന്നയാള്‍ കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. നെടിയിരുപ്പ് കോട്ടാശ്ശേരി കോളനി വേലായുധന്‍(51)ആണ് അറസ്റ്റിലായത്. വീടുകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തുന്ന വേലായുധനെ കുറിച്ച് പ്രദേശത്തെ സ്ത്രീകളുടേയും കുട്ടികളുടേയും പരാതിയിലാണ് കരിപ്പൂര്‍ പൊലീസ് പരിശോധന നടത്തി മദ്യക്കുപ്പികളടക്കം പിടികൂടിയത്. ഇയാളില്‍ നിന്ന് 4800 ലിറ്റര്‍ മദ്യം കണ്ടെടുത്തു.
മഞ്ചേരി,കോഴിക്കോട് എന്നിവിടങ്ങളിലെ മദ്യവില്‍പ്പന ശാലകളില്‍ നിന്ന് 350 മുതല്‍ 400 വരെ രൂപക്ക് ലഭിക്കുന്ന വില കുറഞ്ഞ മദ്യം 1,000 രൂപക്ക് മുകളിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. പ്രദേശത്തെ ക്വാറി തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇയാളുടെ കച്ചവടം. 2016 ല്‍ ഇയാള്‍ക്കെതിരെ സമാന സ്വഭാവമുളള കേസ് നിലവിലുണ്ട്. പ്രദേശത്ത് മദ്യപിച്ചെത്തിയ ഗൃഹനാഥന്‍ ഭാര്യയേയും മക്കളേയും ആക്രമിച്ച കേസും നിലവിലുണ്ട്. കരിപ്പൂര്‍ എസ്.ഐ ജയപ്രസാദിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അബ്ദുള്‍ റഷീദ്,തുളസി,വേണു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി.