ലാഹോര്‍- പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മലക്കംമറിഞ്ഞു. പാക് പഞ്ചാബിലെ ബഹവര്‍പൂരില്‍ പിടിച്ചെടുത്തത് മദ്രസത്തുല്‍ സാബിര്‍ എന്ന മതപാഠശാലയും ജാമിഅ മസ്ജിദ് സുബ്ഹാനല്ലയുമാണെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട ഒരു വിഡിയോ സന്ദേശത്തിലാണ് പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി മുന്‍ അവകാശവാദം തീരുത്തിയത്. ഇതു മദ്രസയാണെന്നും ഇതിനെ ജെയ്ഷ് ആസ്ഥാനമെന്ന് വിളിക്കുന്നത് ഇന്ത്യയുടെ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനത്തിന് ജയ്ഷുമായോ മറ്റു ഭീകരസംഘടനകളുമായോ ഒരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബഹവല്‍പൂരിലെ ജയ്ഷ് ആസ്ഥാനം പഞ്ചാബ് സര്‍ക്കാര്‍ പിടിച്ചെടുത്തെന്ന് വെള്ളിയാഴ്ച മന്ത്രി ഫവാദ് അറിയിച്ചിരുന്നു. ശനിയാഴ്ച ഇതു തിരുത്തുകയും ചെയ്തു. ഒരു സംഘം പ്രാദേശി മാധ്യമ പ്രവര്‍ത്തകരെ പോലീസ് ശനിയാഴ്ച ഈ മദ്രസയിലെത്തിച്ചു വസ്തുത ബോധ്യപ്പെടുത്തിയിരുന്നു. ഇതൊരു സാധാരണ മദ്രസയാണെന്നും ജയ്ഷുമായി ഒരു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. ഇവിടെ 600 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 70 അധ്യാപകരുമുണ്ട്. ഇവര്‍ക്കൊന്നും ഒരു ഭീകരസംഘടനയുമായും പ്രവര്‍ത്തനവുമായും ബന്ധമില്ല. ഇവരെ ഭീകര സംഘടനകളില്‍ നിന്ന് സംരക്ഷിക്കാനാണ് നിയന്ത്രണമേറ്റെടുത്തതെന്നും പോലീസ് അറിയിച്ചു.