പനാജി- ഗോവയില്‍ താമസസ്ഥലത്ത് കഞ്ചാവ് വളര്‍ത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് റഷ്യക്കാരില്‍ ഒരാള്‍ എ.ടി.എം കവര്‍ച്ചാ കേസിലും പ്രതി. കഞ്ചാവ് റെയ്ഡിനിടെ ഗ്യാസ് കട്ടറും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. എ.ടി.എം മെഷീനുകള്‍ തകര്‍ക്കാനാണ് ഇവ ഉപയോഗിച്ചതെന്ന് പ്രതി സമ്മതിച്ചു.
എ.ടി.എം തകര്‍ത്ത് ഒമ്പത് ലക്ഷം രൂപ കവര്‍ന്നതായി അറസ്റ്റിലായ പ്രതി രാധിക് വാഫിന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. 2018 നവംബറിലാണ് വടക്കന്‍ ഗോവയില്‍ എ.ടി.എം തകര്‍ത്തത്.
വെള്ളിയാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ വടക്കന്‍ ഗോവയിലെ മാന്‍ഡ്രമില്‍ താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തിയ ഇലിയ അലക്‌സാണ്ട്രോവിച്ച് (30) അറസ്റ്റിലായിരുന്നു. വിപണിയില്‍ 65,000 രൂപ വില വരുന്ന 608 ഗ്രാം കഞ്ചാവും പിടിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പനയിലേര്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.