ന്യൂദല്‍ഹി- മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സിയുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക കോ-ഓപറേഷന്‍) വിദേശ മന്ത്രിമാരുടെ സമ്മേളനത്തില്‍ ക്ഷണിതാവായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും. ആദ്യമായാണ് മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ ശക്തമായ പൊതുവേദിയില്‍ പങ്കെടുക്കുന്നതിന് ഇന്ത്യക്ക് ക്ഷണം ലഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് ഒന്നിന് അബുദാബിയില്‍ നടക്കുന്ന മന്ത്രിതല സമ്മേളനത്തില്‍ സുഷമ സംബന്ധിക്കും.
56 അംഗ രാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളുമാണ് ഒ.ഐ.സിയുടെ ദ്വിദിന മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കുക. ഇന്ത്യക്ക് ലഭിച്ച ക്ഷണം ഒ.ഐ.സിയുടെ ഭാഗത്തു നിന്നുള്ള സ്വാഗതാര്‍ഹമായ അംഗീകാരമാണെന്ന് വിദേശ മന്ത്രാലയം വിശേഷിപ്പിച്ചു.
മുസ്‌ലിം ലോകത്തെ സമാധാനവും സ്ഥിരതയും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്ന് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന അബുദാബി വിദേശ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ആഗോള രാഷ്ട്രീയത്തിലുള്ള സ്ഥാനവും ചരിത്ര പാരമ്പര്യവുമൊക്കെ പരിഗണിച്ചാണ് ഇന്ത്യയെ അതിഥി രാജ്യമായി പങ്കെടുപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു.
കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനില്‍ ആഗോള സമ്മര്‍ദം തുടരുന്നതിനിടെയാണ് ഒ.ഐ.സിയുടെ ക്ഷണമെന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കശ്മീര്‍ പ്രശ്‌നത്തില്‍ പൊതുവെ ഒ.ഐ.സി പാക്കിസ്ഥാന് അനുകൂലമായ നിലപാടാണ് കൈക്കൊള്ളാറുള്ളത്.
ഒ.ഐ.സി വിദേശ മന്ത്രിതല സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ അഭിസംബോധന ചെയ്യാന്‍ യു.എ.ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സുഷമാ സ്വരാജിനെ ക്ഷണിച്ചത് ഇന്ത്യ സന്തോഷപൂര്‍വം സ്വീകരിച്ചതായി ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള യു.എ.ഇയുടെ താല്‍പര്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും വിദേശ മന്ത്രാലയം പറഞ്ഞു.