കണ്ണൂര്‍- പ്രശസ്ത സിനിമാ ഡോക്യുമെന്ററി സംവിധായകന് പി.പി. ഗോവിന്ദന് (68) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് പരിയാരം സഹകരണ ഹൃദയാലയയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ചെറുതാഴം മണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം, വടക്കെ മലബാറില്‍ നിന്നു ആദ്യമായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച വ്യക്തിയാണ്.
തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന കണ്ണന് രവി വര്‍മ്മന്റെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ മകനായ ഇദ്ദേഹം, മാടായി ഗവ. ഹൈസ്കൂള്‍, കണ്ണൂര്‍ എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്. ബിരുദാനന്തര ബിരുദ പഠനത്തിനായി കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നതോടെയാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമ മനസ്സിലെത്തുന്നത്. ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം സിനിമ പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. പ്രശസ്ത ക്യാമറാമാനായ മധു അമ്പാട്ട്, നടനായ മോഹന്‍ എന്നിവര്‍ സഹപാഠികളായിരുന്നു. പഠനത്തിനു ശേഷം അല്പകാലം മുംബൈയില്‍ ജോലി ചെയ്തു. പിന്നീട് മദ്രാസിലെത്തി.
1977 ല്‍ ബാല്ത്താ സാര്‍ ഹസീന ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച സരിത യാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. മധു, മോഹന്‍, വിധുബാല, ബഹദൂര്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. സത്യന് അന്തിക്കാട് എഴുതി ശ്യാം ഈണമിട്ട നാലു ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. പൂവെയില്‍ മയങ്ങും, മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടി വരും, അമ്പലനടയില്‍ ദ്വാദശി നാളില്‍ തുടങ്ങിയവയായിരുന്നു ഗാനങ്ങള്‍.
1979 ല്‍ ഹൃദയത്തില്‍ നീ മാത്രം, ജയന്, സുകുമാരന്‍ എന്നിവരഭിനയിച്ച "സന്ധ്യാരാഗം' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1980ല്‍ എം.മുകുന്ദന്റെ സീത എന്ന നോവല്‍ സിനിമയാക്കി. അംബിക ആദ്യമായി നായികയായത് ഈ സിനിമയിലാണ്. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തു. നിഴല്‍കള്‍ രവി നായകനായ പാശക്കനവും, വിജയകാന്ത് നായകനായ നിജങ്ങള്‍ നിലക്കിന്റ് എന്ന സിനിമയും. ജയ ടി.വിക്കു വേണ്ടി അപ്പടിക്കു സത്യമൂര്‍ത്തി എന്ന മെഗാ സീരിയലും ചെയ്തു.
പിന്നീട് ഡോക്യുമെന്ററി രംഗത്തേക്കെത്തി. തിരുവനന്തപുരം നഗരത്തിന്റെ നാനൂറു വര്‍ഷത്തെ ചരിത്രം പറയുന്ന തിരുവനന്തപുരം നൂറ്റാണ്ടുകളുടെ തുടിപ്പുകളായിരുന്നു ആദ്യത്തെ ശ്രദ്ധേയ ഡോക്യുമെന്ററി. മഹാകവി ഉള്ളൂരിനെക്കുറിച്ചും, നടന് സത്യനെക്കുറിച്ചും പബ്ലിക് റിലേഷന്‍സിനു വേണ്ടി ചെയ്ത ഡോക്യുമെന്ററികളും ശ്രദ്ധിക്കപ്പെട്ടു. പ്രകൃതി സംരക്ഷണ സന്ദേശമുയര്‍ത്തുന്ന ദേവാരണ്യം, വീട്ടുപരിസരത്തെ സമ്പത്തുകളെക്കുറിച്ചു പ്രതിപാദിക്കുന്ന പരിസര സമ്പത്ത് എന്നിവയും വ്യാപക പ്രശംസ നേടി. മുംബൈ ഫിലിംസ് ഡിവിഷനുവേണ്ടി ചെയ്ത "ഹോളി റിവര്‍ പമ്പ' എന്ന ഡോക്യുമെന്ററി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. സിക്കിമില ആചാരങ്ങളെക്കുറിച്ചും ഡോക്യുമെന്ററി ചെയ്തു. 1991ല്‍ ഖാദി ബോര്‍ഡിനു വേണ്ടി ചെയ്ത "മള്‍ബറിയും പട്ടുനൂലും' എന്ന ഡോക്യുമെന്റിക്കു സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു.
2006 ലാണ് ദീര്‍ഘകാലത്തെ ചെന്നൈ വാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയത്. സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ സെക്രട്ടറിയായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ച ഗോവിന്ദന്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരുടെ സംഘടനയായ ഗ്രാഫ്റ്റിയുടെ കേര ചാപ്റ്റര്‍ പ്രസിഡണ്ടു കൂടിയായിരുന്നു. മുംബൈ ഡോക്യുമെന്ററി ഫെസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ജൂറിമാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിന്റെ സെലക്ഷന് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: ഓമന. മക്കള്‍: രവി കല്യാണ്‍(അമേരിക്ക), സരിത കല്യാണ്‍. സംസ്കാരം പിന്നീട് നടക്കും.