മുംബൈ- രാമക്ഷേത്ര പ്രശ്‌നം തല്‍ക്കാലം മാറ്റിവെച്ച് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിന് മുഖ്യപരിഗണന നല്‍കുന്ന ആര്‍.എസ്.എസ് നിലപാടിനെ സ്വാഗതം ചെയ്ത് ശിവസേന. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മെഗാ സഖ്യത്തിന് രാജ്യത്ത് ഒരിക്കലും സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ ആര്‍.എസ്.എസിന്റെ മാറിയ നിലപാട് രാജ്യത്തിന് അനുയോജ്യമാണെന്ന് ശിവസേനാ മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാന് കനത്ത ആഘാതമേല്‍പിക്കാന്‍ സാധിക്കാതിരിക്കെ, സുസ്ഥിര സര്‍ക്കാരും ശക്തനായ പ്രധാനമന്ത്രിയുമെന്ന 2014 ലെ മുദ്രാവാക്യത്തിനു പ്രസക്തിയുണ്ടോ എന്ന ചോദ്യവും മുഖപത്രം ഉന്നയിക്കുന്നു.
പുല്‍വാമ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ രാജ്യത്ത് സുസ്ഥിര സര്‍ക്കാര്‍ വേണം. ദൈവത്തേക്കാള്‍ പ്രധാനം രാജ്യം തന്നെയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആദ്യം മന്ദിര്‍, പിന്നെ സര്‍ക്കാര്‍ എന്ന പ്രഖ്യാപിത നിലപാട് തിരുത്തിയിരിക്കയാണ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട ശിവസേന.
രാമക്ഷേത്ര വിഷയം മാറ്റിവെച്ച് പുല്‍വാമ,കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനാണ് സംഘ് പരിവാറിന്റെ തീരുമാനം. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാജ്യത്ത് ശക്തവും സ്ഥിരതയുള്ളതുമായ സര്‍ക്കാരാണ് വേണ്ടതെന്ന് ആര്‍.എസ്.എസും മനസ്സിലാക്കുന്നു. കേന്ദ്രത്തില്‍ സുസ്ഥിര സര്‍ക്കാരും കരുത്തനായ പ്രധാനമന്ത്രിയുമില്ലാതെ ഭീകരതയെ പരാജയപ്പെടുത്താനാവില്ല- സാംന വ്യക്തമാക്കി.