Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം അഗ്നിബാധയില്‍ അട്ടിമറി -മേയര്‍ 

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. 
അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. 
പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും ആയി. ആളുകള്‍ക്ക് മൂക്ക് പൊത്താതെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ബ്രഹ്മപുരം പ്ലാന്റില്‍ ഇപ്പോള്‍ തീ  നിയന്ത്രണ വിധേയമാണ്. 
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്തു തീ ഒരുവിധം നിയന്ത്രണത്തിലാക്കാന്‍. കഴിഞ്ഞമാസവും ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപ്പിടിച്ചിരുന്നു. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.

Latest News