പട്‌ന- മുസഫര്‍പൂരിലെ അഭയ കേന്ദ്രത്തില്‍ ലൈംഗിക പീഡനത്തിനിരയായ നാലു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പെണ്‍കുട്ടികളെ മൊകാമ അഭയ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി കാണാതായി. പീഡനക്കഥ പുറത്തു വന്നതിനെ തുടര്‍ന്ന് മുസഫര്‍പൂര്‍ അഭയ കേന്ദ്രം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മൊകാമയിലേക്കു മാറ്റിയതായിരുന്നു ഇവരെ. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ഈ അഭയ കേന്ദ്രത്തിന്റെ ഒരു ഗ്രില്‍ മുറിച്ചു തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇടുങ്ങിയ ഈ വിടവിലൂടെ പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടനാകുമോ എന്നത് സംശയകരമാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് മൊകാമ അഭയ കേന്ദ്രത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്.
സംസ്ഥാനത്തെ എല്ലാ റെയില്‍വെ പോലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ഏഴു പെണ്‍കുട്ടികള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ അറിയിച്ചു.
Bihar: Seven girls have gone missing from a shelter home in Mokama. Kumar Ravi, District Magistrate Patna says, "A missing report for the seven girls has been registered. We're trying to locate the girls." pic.twitter.com/50NEqa8phe
— ANI (@ANI) February 23, 2019
അതേസമയം അഭയ കേന്ദ്ര നടത്തിപ്പുകാര്‍ അധികൃതരോട് സഹകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം രഹസ്യ സ്വഭാവത്തിലാണെന്നും വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലും പരിശോധനയ്ക്ക് അനുവദിക്കുന്നില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.