ശ്രീനഗര്‍- പുര്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ വിഘനവാദികള്‍ക്കെതിരെ നടപടി ശക്തമാക്കിയതിനു പിന്നാലെ വന്‍ സൈനിക മുന്നൊരുക്കങ്ങള്‍. പതിനായിരത്തിലേറെ ജവാന്‍മാര്‍ ഉള്‍പ്പെടുന്ന 100 കമ്പനി സേനയെ വിമാന മാര്‍ഗം അര്‍ധരാത്രി ശ്രീനഗറിലെത്തിച്ചു. വിഘടനവാദികളായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്), ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കിതിരെ പോലീസ് നടപടികള്‍ ശക്തമാക്കിയതിനു പിന്നാലെയാണ് വിപുലമായ സൈനിക വിന്യാസവും മുന്നൊരുക്കങ്ങളും നടന്നുവരുന്നത്. കേന്ദ്ര സേനകളായ സിആര്‍പിഎഫിന്റെ 45 കമ്പനികളും ബിഎസ്ഫിന്റെ 35 കമ്പനികളും എസ്.എസ്.ബി, ഐ.ടി.ബി.പി സേനകളുടെ 10 വീതം കമ്പനികളേയുമായി അധികമായി വിന്യസിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഭരണകൂടം വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. നിരവധി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം നേതാക്കളെ പിടികൂടാനും തുടങ്ങിയിട്ടുണ്ട്. ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലികിനെ ശ്രീനഗറിലെ വസതിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തെക്ക്, വടക്ക്, മധ്യ കശ്മരീന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ജമാഅത്തെ ഇസ്ലാമി നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്ത് അമീര്‍ ഡോ. അബ്ദുല്‍ ഹാമിദ് ഫയാസ്, വക്താവ് സാഹിദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ഖാദിര്‍ ലോണ്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
In the past 24 hours, Hurriyat leaders & workers of Jamaat organisation have been arrested. Fail to understand such an arbitrary move which will only precipitate matters in J&K. Under what legal grounds are their arrests justified? You can imprison a person but not his ideas.
— Mehbooba Mufti (@MehboobaMufti) February 23, 2019
ഈ ഏകപക്ഷീയ നടപടികള്‍ കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ മാത്രമെ ഉപകരിക്കൂവെന്ന് മുന്‍ മുഖ്യമന്ത്രി പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ഈ അറസ്റ്റുകളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും നിയമപരമല്ലെന്നും അവര്‍ പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് 35-എ സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വിഘടനവാദി നേതാവ് യാസീന്‍ മാലികിന്റെ അറസ്റ്റ്. തിങ്കളാഴ്ചയാണ് ഈ ഹരജി കോടതി പരിഗണിക്കുന്നത്.