പൂനെ- ഒരു പ്രമുഖ ദേശീയ പത്രത്തിന്റെ പുനെ എഡിഷനില്‍ കോപി എഡിറ്ററായി കശ്മീരി മാധ്യമപ്രവര്‍ത്തകനെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയും കശ്മീരിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. 24-കാരനായ ജിബ്രാന്‍ നാസിറാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ പൊതുനിരത്തില്‍ അക്രമത്തിനിരയായത്. സംഭവം റോഡിലുണ്ടായ അടിപിടിയാണെന്ന് പറഞ്ഞു ആദ്യം തള്ളിയ പോലീസ് വെള്ളിയാഴ്ച ആക്രമികള്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെ ട്രാഫിക് സിഗ്നലില്‍ വച്ചാണ് സംഭവം ഉണ്ടായത്. നാസിറിന്റെ ബൈക്കിനു പിറകെ നിര്‍ത്തിയ മറ്റൊരു ബൈക്കിലെ യുവാക്കള്‍ നിര്‍ത്താതെ ഹോണടിച്ചതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാഗ്വാദമുണ്ടാകുകയായിരുന്നു.
ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനുള്ള നാസിറിന്റെ ബൈക്ക് കണ്ട ആക്രമികള്‍ ഹിമാചലിലേക്ക് തിരിച്ചയക്കുമെന്ന് ആക്രോഷിച്ചു. താന്‍ കശ്മീരില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് നാസിര്‍ പറഞ്ഞതോടെ അക്രമികള്‍ മര്‍ദിക്കുകയും മൊബൈല്‍ തട്ടിപ്പറിക്കുകയും ബൈക്കിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. നിന്നെ കശമീരിലേക്ക് തിരിച്ചയക്കും, ജേണലിസം അവിടെ മതി എന്നാക്രോശിച്ചായിരുന്നു മര്‍ദനം. ഇതിനു ശേഷം ആക്രമികള്‍ മുങ്ങി.
അതേസമയം ഇതൊരു സംഘടിത ആക്രമണമായിരുന്നില്ലെന്ന് നാസിര്‍ പറഞ്ഞു. പ്രതികളായ യുവാക്കള്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ വച്ച് നാസിറിനോട് ക്ഷമാപണം നടത്തി. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് നസീര്‍ വ്യക്തമാക്കി. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികളാരംഭിച്ചു. പ്രതികളിലൊരാളായ 32-കാരന്‍ അസറുദ്ദീന്‍ ശൈഖിനെ അറസ്റ്റ് ചെയ്തു. 35 കാരനായ ദത്തത്രേയ ലവാടെ എന്നയാളേയും മറ്റു രണ്ടു പ്രതികളേയും പിടികൂടാനുണ്ട്.