മോഡി ചോദിച്ച അഞ്ച് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്- പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനോട് 2013 ലെ ഭീകരാക്രമണ വേളയില്‍ നരേന്ദ്ര മോഡി ചോദിച്ച അഞ്ച് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍ നായിഡുവിന് വിശ്വാസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയിലാണെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണത്തിനുള്ള മറുപടിയാണ് ഈ ചോദ്യങ്ങള്‍.
1. രാജ്യത്തിന്റെ സുരക്ഷ പ്രധാനമന്ത്രിയുടെ കരങ്ങളിലായിരിക്കെ ഭീകരര്‍ക്ക് ഹവാല വഴി എങ്ങനെ പണം ലഭിക്കുന്നു?
2. ഭീകരത തടയാന്‍ പ്രധാനമന്ത്രിയുടെ കൈയില്‍ മതിയായ അധികാരമില്ലേ?
3. മൊത്തം പട്ടാളം നിങ്ങളുടെ കൈകളിലായിട്ടും എങ്ങനെ ഭീകരാക്രമണം സംഭവിക്കുന്നു?
4. ഇതൊരു ഇന്റലിജന്‍സ് പരാജയമല്ലേ?
5. എന്തുകൊണ്ട് നിങ്ങള്‍ രാജി വെക്കുന്നില്ല?

ഇത്രയും ചോദ്യങ്ങളാണ് മോഡി മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ചോദിച്ചത്. ഇത് മുന്നില്‍വെച്ച് ഞാന്‍ പ്രധാനമന്ത്രി മോഡിയോട് ചോദിക്കുന്നു. പുല്‍വാമ ആക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കുമോ?  പുല്‍വാമയില്‍ 40 ജവാന്മാരുടെ രക്തസാക്ഷിത്വത്തില്‍ രാജ്യം മുഴുവന്‍ വിതുമ്പുമ്പോള്‍ മോഡി എവിടെ ആയിരുന്നു?  ഡിസ്‌കവറി ചാനല്‍ ഷൂട്ടിംഗിലായിരുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ മോഡി വിശദീകരണം നല്‍കണമെന്ന് നായിഡു ആവശ്യപ്പെട്ടു.
തനിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് അമിത് ഷാ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News