തൃശൂരിലെ സ്ഥാനാർത്ഥി നിർണയം യു.ഡി.എഫിനേയും കോൺഗ്രസിനേയും സംബന്ധിച്ചിടത്തോളം ഒരു പാക്കേജാണ്. തൃശൂരിൽ ഹിന്ദു സ്ഥാനാർത്ഥിയാണെങ്കിൽ ചാലക്കുടിയിൽ ക്രൈസ്തവനെ മൽസരിപ്പിക്കണം. ചാലക്കുടിയിൽ ഹിന്ദുവെങ്കിൽ തൃശൂരിൽ ക്രിസ്ത്യാനി. തൃശൂരിലാണ് ക്രൈസ്തവ സ്ഥാനാർത്ഥിയെങ്കിൽ കാത്തോലിക്കാ സഭക്ക് മുൻഗണന ലഭിക്കും. ചാലക്കുടിയിലാണെങ്കിൽ യാക്കോബായ സഭക്കും വളക്കൂറുള്ള മണ്ണാണ്. ഹിന്ദുവെങ്കിൽ ഈഴവന് മുൻതൂക്കം.
നായന്മാരേയും തഴയാനാവില്ല. ഇത്തരം കണക്കുകൂട്ടലൊക്കെ എല്ലായ്‌പോഴും ജനവിധിയിൽ പ്രതിഫലിക്കുമോ എന്നൊന്നും ചോദിക്കരുത്.
സാമുദായിക സന്തുലനം. അതാണ് പ്രധാനം. ഇക്കുറിയും തൃശൂരിനെക്കുറിച്ച് കോൺഗ്രസിൽ നടക്കുന്ന ചർച്ചകളിലൊക്കെയും ചാലക്കുടി എന്ന അയൽമണ്ഡലത്തിലെ അലയൊലികളും കടന്നു വരുന്നുണ്ട്.
ക്രൈസ്തവരുടെ സംഘടിത വോട്ടിന് പ്രശസ്തമാണ് തൃശൂർ. വിമോചന സമരകാലം മുതൽ അത് പ്രകടമാണ്. ക്രൈസ്തവരെന്ന് പൊതുവെ പറയാമെങ്കിലും കത്തോലിക്കർക്കാണ് മേൽക്കൈ. ആ സമുദായത്തിലെ അംഗമാണ് സ്ഥാനാർത്ഥിയെങ്കിൽ അൽപം മുൻതൂക്കം ലഭിക്കും. എൺപതുകളിൽ പി.എ.ആന്റണിയും പിന്നീട് എ.സി. ജോസുമെല്ലാം കാത്തോലിക്കരുടെ പിന്തുണയോടെ തൃശൂർ ഉറപ്പിച്ച കോൺഗ്രസ് നേതാക്കളാണ്. 2014 ലെ തെരഞ്ഞെടുപ്പിൽ അവരുടെ എതിർപ്പാണ് തൃശൂരിലും ചാലക്കുടിയിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പതനത്തിന് വഴിയൊരുക്കിയതെന്ന് വിലയിരുത്തൽ ഉണ്ട്. കത്തോലിക്കാ സഭയുടെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച പി.സി. ചാക്കോയെ തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് മാറ്റിക്കൊണ്ടുള്ള പരീക്ഷണം ഇരു മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. ചാലക്കുടിയിൽ എം.പി എന്ന നിലയിൽ നല്ല പ്രതിഛായ നേടിയെടുത്തിരുന്ന കെ.പി. ധനപാലൻ തൃശൂരിലെ ക്രൈസ്തവ രോഷത്തിനു മുന്നിൽ ഭസ്മമായി.
ഇക്കുറിയും തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പാക്കേജ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണയം നടത്തുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതുവരെയുള്ള ധാരണയനുസരിച്ച് ഇത്തവണ തൃശൂരിലായിരിക്കും ഹിന്ദു സ്ഥാനാർത്ഥി. സുധീരനാണ് സാധ്യതാ ലിസ്റ്റിലെ ഒന്നാം നമ്പറുകാരനെങ്കിലും മൽസരിക്കാൻ അദ്ദേഹം താൽപര്യം കാണിക്കുന്നില്ല. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപനാണ് ലിസ്റ്റിലെ അടുത്ത ഊഴക്കാരൻ.
കഴിഞ്ഞ തവണ ചാക്കോയെ സംരക്ഷിക്കാൻ ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് മാറി പരാജയം ഏറ്റുവാങ്ങിയ മുൻഎം.പി ധനപാലനും ലിസ്റ്റിലുണ്ട്. ഇവരാരെങ്കിലും തൃശൂരിൽ കളത്തിലിറങ്ങിയാൽ ബെന്നി ബഹനാനെ ചാലക്കുടിയിൽ മൽസരിപ്പിക്കാനാണ് ധാരണ.
തൃശൂരിലാണ് ക്രൈസ്തവ സ്ഥാനാർത്ഥിയെങ്കിൽ യാക്കോബായ സഭക്കാരനായ ബഹനാൻ പുറത്തായേക്കും. അദ്ദേഹത്തിനു വേണ്ടി ഉമ്മൻ ചാണ്ടി ശക്തമായി വാദിക്കുന്ന സാഹചര്യത്തിൽ തൃശൂരിൽ ഹിന്ദു സ്ഥാനാർത്ഥി വരാനാണ് സാധ്യത.
തൃശൂരിൽ ഇത്തവണ കോൺഗ്രസ് ക്രൈസ്തവ സ്ഥാനാർത്ഥിയെ പരിഗണിക്കും എന്ന കണക്കുകൂട്ടലിൽ ഒരു പക്ഷം യുവനേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഷാജി കോട്ടങ്കണ്ടത്ത്, ജോസഫ് സാജൻ എന്നിവർ ഇതിലുൾപ്പെടുന്നു.