Sorry, you need to enable JavaScript to visit this website.

ആന്ധ്ര നായകൻ  വിയർക്കുന്നു

തട്ടകം ആന്ധ്രയാണെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നം ഇന്ദ്രപ്രസ്ഥമാണ്. മൂന്നാം മുന്നണിയുടെ നേതാവായും ബി.ജെ.പിയുടെ കരുത്തുറ്റ സഖ്യകക്ഷിയായുമൊക്കെ നായിഡുവും തെലുഗുദേശം പാർട്ടിയും കളം മാറ്റിച്ചവിട്ടിയിട്ടുണ്ട്. മൂന്നാം മുന്നണിയുടെ നേതാവായാണ് പുതിയ രംഗപ്രവേശം. ലോക്‌സഭാ, നിയമസഭാ ഇലക്ഷനുകൾ ഒരുമിച്ചു നടക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്ര. തെലുഗുദേശം പാർട്ടിയും (ടി.ഡി.പി) വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയും (വൈ.എസ്.ആർ.സി.പി) തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. പ്രാദേശിക പാർട്ടികൾ നേർക്കുനേർ പൊരുതുന്ന ആന്ധ്രയിൽ ദേശീയ കക്ഷികളായ ബി.ജെ.പിയും കോൺഗ്രസും പേരിനു മാത്രമേയുള്ളൂ. 
2014 ൽ ടി.ഡി.പിയും ബി.ജെ.പിയും സഖ്യം ചേർന്നാണ് ഇലക്ഷനെ നേരിട്ടത്. 25 ലോക്‌സഭാ മണ്ഡലങ്ങളിൽ പതിനേഴും സഖ്യം നേടി. ടി.ഡി.പിക്ക് പതിനഞ്ചും ബി.ജെ.പിക്ക് രണ്ടും സീറ്റ് കിട്ടി. അവശേഷിച്ച എട്ടെണ്ണം വൈ.എസ്.ആർ.സി.പി സ്വന്തമാക്കി. കോൺഗ്രസ് നിലംതൊട്ടില്ല. നിയമസഭാ ഇലക്ഷനിലും കോൺഗ്രസ് തൂത്തുവാരപ്പെട്ടു. 175 അംഗ നിയമസഭയിൽ ടി.ഡി.പിക്ക് 103 സീറ്റും ബി.ജെ.പിക്ക് നാല് സീറ്റും കിട്ടി. വൈ.എസ്.ആർ.സി.പിക്ക് അറുപത്താറും. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി. 
ചെറുതായെങ്കിലും ചിത്രം മാറുകയാണ് ഇത്തവണ. ആന്ധ്രക്ക് സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കാത്തതിന്റെ പേരിൽ ചന്ദ്രബാബു നായിഡു ബി.ജെ.പിയുള്ള ബന്ധം കഴിഞ്ഞ മാർച്ചിൽ വിഛേദിച്ചു. ഈയിടെ ആന്ധ്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തിപരമായിത്തന്നെ നായിഡുവിനെ വിമർശിച്ചു. തുല്യനാണയത്തിൽ നായിഡു തിരിച്ചടിക്കുകയും ചെയ്തു. ബി.ജെ.പി പക്ഷേ നേരിട്ടല്ല ഇത്തവണ നായിഡുവിനോട് ഏറ്റുമുട്ടുന്നത്. വൈ.എസ്.ആർ.സി.പി സംസ്ഥാനത്ത് വീണ്ടും കരുത്താർജിക്കുകയാണ്. വൈ.എസ്.ആർ.സി.പിക്ക് ബി.ജെ.പിയോട് മൃദുസമീപനമാണെന്നത് പരസ്യമായ രഹസ്യമാണ്. തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിന്റെ പിന്തുണയും വൈ.എസ്.ആർ.സി.പിക്കുണ്ട്. 
ഭരണ വിരുദ്ധ വികാരം ആന്ധ്രയിൽ ശക്തമാണ്. ടി.ഡി.പിക്ക് ഇത്തവണ ചുവട് പിഴക്കുമെന്ന പ്രതീതിയിൽ നേതാക്കൾ പലരും ഈയിടെ പാർട്ടി വിട്ടു. അനകപ്പള്ളിയിലെ സിറ്റിംഗ് എം.പി അവന്തി ശ്രീനിവാസ റാവു വൈ.എസ്.ആർ.സി.പിയിൽ ചേർന്നു. മുതിർന്ന ടി.ഡി.പി നേതാവും വിജയ് ഇലക്ട്രോണിക്‌സ് ഉടമയുമായ ദസരി ജയ് രമേശ്, നിലവിലെ ടി.ഡി.പി എം.എൽ.എ അമൻജി കൃഷ്ണറാവു എന്നിവരും ഇതേ പാതയിലാണ്. 
നായിഡുവിന്റെ എതിരാളികളാണ് ഇപ്പോൾ കുളം കലക്കുന്നത്. പാർട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഢി 3648 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയതോടെ വൈ.എസ്.ആർ.സി.പി ആവേശത്തിലാണ്. 11 മാസം നീണ്ട പദയാത്രക്കിടയിൽ ഗുണ്ടൂരും കൃഷ്ണയും ഗോദാവരിയുമടക്കം ടി.ഡി.പി ശക്തികേന്ദ്രങ്ങളൊക്കെ ജഗൻ ഇളക്കിമറിച്ചു. അതേസമയം 2014 ലെ നിരവധി വാഗ്ദാനങ്ങൾ പാലിക്കാൻ ടി.ഡി.പിക്കു സാധിച്ചിട്ടില്ല. അമരാവതിയെ ലോകോത്തര തലസ്ഥാന നഗരമായി വികസിപ്പിക്കുമെന്ന വാഗ്ദാനം ജലരേഖയായി. 87,000 കോടിയുടെ കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവും ഏട്ടിലെ പശുവായി. 
ടി.ഡി.പിയെ പോലെ ബി.ജെ.പിയും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കാനൊരുങ്ങുന്നത്. വൈ.എസ്.ആർ.സി.പി ഇലക്ഷനു ശേഷം വേണമെങ്കിൽ തങ്ങൾക്ക് സമീപിക്കാവുന്ന പാർട്ടിയായാണ് ബി.ജെ.പി കാണുന്നത്. നായിഡുവിന്റെ അതിശക്തമായ ആക്രമണം ബി.ജെ.പിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് അരങ്ങേറിയത്. 
ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ആന്ധ്രയും തെലങ്കാനയുമായി വിഭജിച്ചതിന് ജനങ്ങൾ കോൺഗ്രസിന് മാപ്പ് കൊടുത്തിട്ടില്ല. 2014 ൽ ലോക്‌സഭാ, നിയമസഭാ സീറ്റുകളിൽ ഒരെണ്ണം പോലും കോൺഗ്രസിന് ലഭിച്ചില്ല. ഇത്തവണ കോൺഗ്രസുമായി ധാരണയുണ്ടാക്കുമെന്ന ഊഹാപോഹം പോലും ടി.ഡി.പിക്ക് കാര്യമായി ക്ഷീണം ചെയ്യും. തെലങ്കാനയിൽ ഡിസംബറിൽ നടന്ന ഇലക്ഷനിൽ ടി.ഡി.പി-കോൺഗ്രസ് സഖ്യം വൻ പരാജയമായിരുന്നു. ആന്ധ്രയിൽ ഇരുപാർട്ടികളും യോജിക്കില്ലെന്നും സഖ്യം ദേശീയ തലത്തിൽ മാത്രമായിരിക്കുമെന്നും കോൺഗ്രസിനും ടി.ഡി.പിക്കും പ്രഖ്യാപിക്കേണ്ടി വന്നു. 
2014 ൽ ടി.ഡി.പി-ബി.ജെ.പി സഖ്യത്തിന് സിനിമാ താരം പവൻ കല്യാണിന്റെ പിന്തുണയുണ്ടായിരുന്നു. സംസ്ഥാനത്തെ 17 ശതമാനത്തോളം വരുന്ന കപു സമുദായത്തിൽ പവൻ കല്യാണിന് വലിയ സ്വാധീനമുണ്ട്. പവൻ പിന്നീട് ജനസേനാ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. ജനസേനാ പാർട്ടി ടി.ഡി.പി വോട്ട് ബാങ്കിൽ വലിയ വിള്ളൽ സൃഷ്ടിക്കും. കപു സമുദായത്തിന് അഞ്ച് ശതമാനം സംവരണം പ്രഖ്യാപിച്ച് നായിഡു സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് പ്രാവർത്തികമാക്കുക എളുപ്പമല്ല. മറ്റു ജാതിമത സമുദായങ്ങൾക്കും കർഷകർക്കും വനിതകൾക്കും ജനുവരി 25 ന് നായിഡു നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതൊക്കെ ഇലക്ഷനിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. 
 

Latest News