ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കല്‍ കേസിലാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് ജനുവരി 21 ന് സി.ബി.ഐ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
ചിദംബരത്തിനെതിരായ കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കകം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
ചിദംബരത്തേയും മകന്‍ കാര്‍ത്തിയേയും ഈ മാസാദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2007 ലെ യു.പി.എ ഭരണകാലത്ത് മീഡിയാ ഗ്രൂപ്പ് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ ബോര്‍ഡിന്റെ അനുമതി നേടിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതുമായും കമ്പനി ഉടമകളായ പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതുമായും ബന്ധപ്പെട്ടാണ് ചിദംബരത്തെ ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നു. പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഐ.എന്‍.എകസ് മീഡിയക്ക് വിദേശ നിക്ഷേപ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കിയതിലെ അഴിമതി സി.ബി.ഐയും പണം വെളുപ്പിക്കല്‍ എന്‍ഫോഴ്‌സ്‌മെന്റുമാണ് അന്വേഷിക്കുന്നത്. കാര്‍ത്തി ചിദംബരത്തെ കഴിഞ്ഞ വര്‍ഷം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഉടന്‍ തന്നെ അദ്ദേഹത്തിനു ജാമ്യം ലഭിച്ചു. ചട്ടം ലംഘിച്ച് മൗറീഷ്യസില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട നികുതി വകുപ്പിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ അദ്ദേഹം കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.