ബെയ്ജിങ്- പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചും പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പേരെടുത്ത് പരാമര്‍ശിച്ചുമുള്ള യുഎന്‍ രക്ഷാ സമിതിയുടെ കടുത്ത പ്രസ്താവനയെ താഴ്ത്തിക്കെട്ടാന്‍ രക്ഷാ സമിതി സ്ഥിരാംഗമായ ചൈനയുടെ ശ്രമം. പാക് ഭീകര സംഘടനയുടെ പേര് പ്രമേയത്തില്‍ പരാമര്‍ശിച്ചത് പൊതുവായാണെന്നും അതൊരു തീര്‍പ്പല്ലെന്നും ചൈന പ്രതികരിച്ചു. പുല്‍വാമയില്‍ നാല്‍പതിലേറെ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് യുഎന്നിന്റെ ഏറ്റവും കരുത്തുറ്റ ഘടകമായ രക്ഷാ സമിതി പ്രസ്താവന ഇറക്കിയത്. ഈ സമിതിയില്‍ ചൈനയും ഒരു സ്ഥിരാംഗമാണ്.
ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചൈന അടുനിന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാ സമിതി പുറത്തുവിട്ട ഒരു വാര്‍ത്താ കുറിപ്പില്‍ ഒരു പ്രത്യേക സംഘടനയെ പരാമര്‍ശിച്ചത് പൊതുവായി മാത്രമാണെന്നും അത് ആക്രമണത്തെ സംബന്ധിച്ച ഒരു തീര്‍പ്പല്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ കൂടി പിന്തുണയോടെ പുറത്തിറക്കിയ ഈ കുറിപ്പിനു പിന്നാലെ നിലപാടില്‍ നിന്ന് പിന്നോട്ടടിച്ച ചൈനയുടെ നീക്കം പാക്കിസ്ഥാനുമായുള്ള തങ്ങളുടെ അടുത്ത ബന്ധം സംരക്ഷിക്കാനും ജയ്‌ഷെ മുഹമ്മദിനെ കുറ്റപ്പെടുത്തുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനുമാണെന്ന് വിലയിരുത്തപ്പെടുന്നു.
ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎന്നില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ എല്ലാം ചൈന പലതവണയായി എതിര്‍ത്തു വരികയാണ്. ചൈനയുട പുതിയ നിലപാടു മാറ്റം ഇന്ത്യയുമായുളള ബന്ധത്തെ ബാധിച്ചേക്കാമെന്നും നിരീക്ഷകര്‍ കരുതുന്നു. മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ് നടത്തുന്ന ശ്രമങ്ങളോട് ചൈന എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനിരിക്കുന്നതെയുള്ളൂവെന്നും നിരീക്ഷകര്‍ പറയുന്നു. മസൂദ് അസ്ഹറിനെതിരെ യുഎന്നിന്റെ 1267 ഭീകര വിരുദ്ധ സമിതിയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ചൈനയ്‌ക്കൊപ്പം രക്ഷാ സമിതിയിലെ സ്ഥിരാംഗമായ ഫ്രാന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യയ്ക്കു പുറമെ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സ്ഥിരാംഗങ്ങള്‍ നടത്തിയ ശ്രമങ്ങളെ എല്ലാം സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി ചൈന എതിര്‍ത്തിട്ടുണ്ട്.
ഈ ഭീകരാക്രമണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടുവരാന്‍ എല്ലാ കക്ഷികളും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേഖലയില്‍ സ്ഥിരതയും സമാധാനവും സംയുക്തമായി സംരക്ഷിക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് വെള്ളിയാഴ്ച പറഞ്ഞത്.