ബെയ്ജിങ്- തായ്‌വാന്റെ ദേശീയ വിമാന കമ്പനിയായ ചൈന എയര്‍ലൈന്‍സിന്റെ ബോയിങ് 747 വിമാനം പറത്തുന്നതിനിടെ മുതിര്‍ന്ന പൈലറ്റ് കോക്പിറ്റിലിരുന്ന് ഉറങ്ങിത്തൂങ്ങുന്ന വിഡിയോ വൈറലായി. കോപൈലറ്റ് റെക്കോര്‍ഡ് ചെയ്ത വിഡിയോ പുറത്തായതോടെ 20 വര്‍ഷം വിമാനം പറത്തി അനുഭവ സമ്പത്തുള്ള മുതിര്‍ന്ന പൈലറ്റിനെ കമ്പനിക്കു ശിക്ഷിക്കേണ്ടി വന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കെതിരായ ഈ ഉറക്കത്തില്‍ നിന്നും പൈലറ്റിനെ വിളിച്ചുണര്‍ത്താതിരുന്ന കുറ്റത്തിന് കോ പൈലറ്റിനെതിരേയും നടപടി ഉണ്ടായി. കൈകള്‍ മടിയില്‍ പൂഴ്ത്തിവച്ച് സുഖമായി പൈലറ്റ് ഉറങ്ങിത്തൂങ്ങുന്ന ദൃശ്യം എല്ലാവരും കണ്ടെങ്കിലും വിമാനം പറക്കുന്നതിനിടെ ഈ ഉറക്കം എത്ര നേരം നീണ്ടു പോയി എന്ന് വ്യക്തമല്ല. സുരക്ഷാ പ്രോട്ടോകോള്‍ ലംഘിച്ചതിന് പൈലറ്റിനും കോപൈലറ്റിനുമെതിരെ ചൈന എയര്‍ലൈന്‍സ് അച്ചടക്ക നടപടി സ്വീകരിച്ചെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.