റാവല്‍പിണ്ടി- ഇന്ത്യയുമായി യുദ്ധം തുടങ്ങാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായല്‍ സര്‍വശക്തിയോടെ പ്രതികരിക്കുമെന്നും പാക്കിസ്ഥാന്‍ സൈന്യം. കശ്മീര്‍ പ്രശ്‌നത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചിരിക്കെയാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ പ്രസ്താവന.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്.
ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു. 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണ് പാക് സൈന്യത്തിന്റെ പ്രതികരണം.
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവ് നല്‍കാന്‍ തയാറായാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.