Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ വ്യതിയാനം: ട്രംപിന് ബോധ്യമുണ്ടെന്ന് യു.എസ് അംബാസഡര്‍

യു.എസ് പ്രസിഡന്‍റ് ട്രംപിനെതിരെ വാഷിംഗ് ടണില്‍ നടന്ന റാലിയില്‍ നിന്ന്

ന്യൂയോര്‍ക്ക്- കാലാവസ്ഥയില്‍ വ്യതിയാനുമുണ്ടെന്നും  മലിനീകരണം അതിനു കാരണമാണെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിവരമുണ്ടെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹേലി പറഞ്ഞു. ഇതില്‍ അമേരിക്കക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹത്തിന് അറിയാമെന്നും അതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്മാറുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം ലോകവ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഉടമ്പടിക്ക് പുറത്തുള്ള മൂന്ന് രാജ്യങ്ങളിലൊന്നാണ് അമേരിക്ക. പ്രഖ്യാപനം നടത്തുമ്പോള്‍ കാലാവസ്ഥയെ കുറിച്ചോ ശാസ്ത്രത്തെ കുറിച്ചോ ഒന്നും ട്രംപ് പറഞ്ഞിരുന്നില്ല. അതു യു.എസ്. സമ്പദ് വ്യവസ്ഥയെ ഹനിക്കുമെന്നു മാത്രമാണ് പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. വ്യാഴാഴ്ച പിന്മാറ്റ പ്രഖ്യാപനം നടത്തിയശേഷം ഇതു സംബന്ധിച്ച ചോദ്യങ്ങളെല്ലാം അദ്ദേഹം ഒഴിവാക്കുകയായിരുന്നു.
ഉടമ്പടിയില്‍നിന്ന് പുറത്തുവന്നു എന്നതു കൊണ്ടു മാത്രം ഞങ്ങള്‍ പരിസ്ഥിതിയെ ശ്രദ്ധിക്കില്ലെന്ന് അര്‍ഥമില്ലെന്ന് നിക്കി ഹേലി സി.എന്‍.എന്നിനോട് പറഞ്ഞു. 2015 ല്‍ പാരീസില്‍ ഒപ്പുവെച്ച കരാറിലെ നിബന്ധനകള്‍ കടുപ്പമേറിയതാണെന്നും അവര്‍ പറഞ്ഞു.
പാരിസ് ഉടമ്പടിയില്‍ അമേരിക്ക ചേര്‍ന്നപ്പോള്‍ ലോകം ആഹ്ലാദിക്കാന്‍ കാരണം അത് അമേരിക്കയുടെ നേട്ടങ്ങള്‍ തകര്‍ക്കുമെന്ന് അറിയാവുന്നതു കൊണ്ടാണെന്ന് യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി മേധാവി സ്‌കോട്ട് പ്യൂരിറ്റ് പറഞ്ഞു.
കരാര്‍ അമേരിക്കയുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ മൂന്ന് ട്രില്യന്‍ ഡോളറിന്റെ കുറവുണ്ടാക്കുമെന്നും 65 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തുമെന്നുമാണ് ട്രംപ് വിശദീകരിച്ചത്. ഇന്ത്യക്കും ചൈനക്കും ഉടമ്പടി അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശുദ്ധമായ വായവും വെള്ളവും ഉറപ്പുവരുത്താന്‍ പ്രസിഡന്റ് ട്രംപ് എല്ലാ കാര്യങ്ങളും ചെയ്യുമെന്നും പരിസ്ഥിതി കാര്യത്തില്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും നിക്കി ഹേലി പറഞ്ഞു.
അമേരിക്കക്കു പുറമെ, സിറിയയും നിക്കരാഗ്വയും മാത്രമാണ് പാരീസ് ഉടമ്പടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. യു.എസിനു പുറമെ ലോകത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ചൈനയും യൂറോപ്യന്‍ യൂനിയനും ഇന്ത്യയും ഉടമ്പടിയോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ചര്‍ച്ചക്കുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പറഞ്ഞത്.
 

Latest News