Sorry, you need to enable JavaScript to visit this website.

കശ്മീരികള്‍ക്കെതിരായ അക്രമങ്ങളും ബഹിഷ്‌ക്കരണവും തടയണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യുദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരികള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നത് തടയാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പത്ത് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് പലയിടത്തും കഴിയുന്ന കശ്മീരികള്‍ക്ക് ആക്രമണങ്ങളില്‍ നിന്നും സാമൂഹിക ബഹിഷ്‌ക്കരണങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപി സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മേഘാലയ എന്നീ സംസ്ഥാനങ്ങളോടും ഛത്തീസ്ഗഢ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോടുമാണ് കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടത്. കശ്മീരികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങളും ഭീഷണികളും സാമൂഹിക ബഹിഷ്‌ക്കരണവും തടയാന്‍ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും ദല്‍ഹി പോലീസ് കമ്മീഷണറും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.

പല സംസ്ഥാനങ്ങളിലും കശ്മീരികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ താരിഖ് അദീബ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കശ്മീരികളേയും കശ്മീരി ഉല്‍പ്പന്നങ്ങളേയും ബഹിഷ്‌ക്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തദാഗതാ റോയിയുടെ ട്വീറ്റും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ആള്‍കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കോടതി നിര്‍ദേശപ്രകാരം നേരത്തെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ച പോലീസ് ഓഫീസര്‍മാര്‍ കശ്മീരികള്‍ക്ക് സുരക്ഷ നല്‍കുന്ന ഉത്തരവാദിത്തവും കോടതി നല്‍കി. അവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ക്കായി വേഗത്തില്‍ ബന്ധപ്പെടാവുന്ന പോലീസ് ഓഫീസര്‍മാരുടെ നമ്പറുകള്‍ വ്യാപകമായി പരസ്യം ചെയ്യണമെന്നും കോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി കോടതി അടുത്തയാഴ് വീണ്ടു പരിഗണിക്കും.

Latest News