ബംഗളുരു: ബാംഗ്ലൂര്‍ മെട്രോ വിപുലീകരണത്തിന്റെ രണ്ടാം ഘട്ട കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോം സ്വന്തമാക്കി. 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോയില്‍ വൈദ്യുത വിതരണം, ട്രാക്ഷന്‍ ഇലക്ട്രിഫിക്കേഷന്‍ എന്നിവ ലഭ്യമാക്കുകയെന്നതാണ് കരാറില്‍ പറയുന്നത്.
ഏകദേശം 71 മില്ല്യന്‍ ഡോളറിന്റെ (580 കോടി ഇന്ത്യന്‍ രൂപ) കരാറാണിത്. ഇന്ത്യയില്‍ അല്‍സ്റ്റോം ഏറ്റെടുക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ റയില്‍ വൈദ്യുതീകരണ കരാറാണിത്.
എളുപ്പത്തില്‍ മെട്രോയിലെത്തുക, റോഡിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുക എന്നിവയാണ് ബാംഗ്ലൂര്‍ മെട്രോയുടെ നോര്‍ത്ത്‌സൗത്ത്, ഈസ്റ്റ്‌വെസ്റ്റ് വിപുലീകരണം ലക്ഷ്യമിടുന്നത്.
2019 അവസാനത്തോടെ ആദ്യത്തെ 6.5 കിലോമീറ്ററിന്റെ വിപുലീകരണം പൂര്‍ത്തിയാക്കും. ഇങ്ങനെ അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
അല്‍സ്‌റ്റോമിന് ഏറ്റവും നല്ല ആതിഥേയത്വം ലഭിച്ച നഗരങ്ങളില്‍ ഒന്നാണ് ബംഗ്ലൂരെന്നും അല്‍സ്റ്റോം ഇന്ത്യയുടെ എംഡി അലൈന്‍ സ്‌പോര്‍ പറഞ്ഞു.
പനാമ, സിംഗപ്പൂര്‍, സിഡ്‌നി, സാവോപോളോ, ഷാങ്ഹായ്, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളിലായി 5,000 ലേറെ മെട്രോപോളിസ് ട്രെയിന്‍ സെറ്റുകളാണ് അല്‍സ്‌റ്റോമിന്റെതായി നിലവില്‍ ഓടുന്നത്. കേരളത്തിലെ കൊച്ചി മെട്രോക്കും ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതും അല്‍സ്‌റ്റോമാണ്.