ന്യൂദൽഹി- കശ്മീരിൽ നാൽപതിലേറെ സി.ആർ.പി.എഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്ന ശേഷവും സർക്കാറിന്റെ പരസ്യചിത്രീകരണത്തിൽ അഭിനയം തുടർന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിന്റെ വാർത്ത പുറത്തുവന്ന് മൂന്ന് മണിക്കൂറിന് ശേഷവും പ്രധാനമന്ത്രി മോഡി ഫോട്ടോഷൂട്ടിൽ തന്നെയായിരുന്നു. രാജ്യവും ജവാൻമാരുടെ കുടുംബങ്ങളും കണ്ണീരിൽ മുങ്ങുമ്പോഴും മോഡി തടാകത്തിൽ ചിരിച്ചുകൊണ്ട് ഉലാത്തുകയായിരുന്നുവെന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
അതേസമയം, ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഓരോ നിമിഷവും മോഡി അതാത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിശകലനം ചെയ്തിരുന്നുവെന്ന വാദവമുമായി ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി രംഗത്തെത്തി. 26/11 -ലെ മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ രാഹുൽ ഗാന്ധി സൽക്കാരം സ്വീകരിക്കുകയായിരുന്നുവെന്ന വാദവും മീനാക്ഷി ലേഖി ഉയർത്തി.
ഫെബ്രുവരി 14ന് വൈകിട്ട് 3.10ന് ഭീകരാക്രമണം നടന്നതിന് ശേഷവും 6.40 വരെ ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷണൽ പാർക്കിലായിരുന്നു മോഡിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല ഇന്നലെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളള ഡോക്യുമെന്ററി ചിത്രീകരണത്തിൽ ആയിരുന്നു പ്രധാനമന്ത്രി. ദുരന്ത വാർത്ത ലോകമെമ്പാടും പരന്നിട്ടും മോഡി ഷൂട്ടിംഗ് നിർത്തിവെക്കാൻ തയാറായില്ല എന്ന് സുർജേവാല ആരോപിക്കുന്നു. ആക്രമണം നടന്ന ശേഷവും മണിക്കൂറുകളോളം ഷൂട്ടിംഗ് തുടർന്നു. 6.45 വരെ മോഡി പാർക്കിലുണ്ടായിരുന്നു. ജിം കോർബെറ്റ് പാർക്കിലെ മോഡിയുടെ ചിത്രങ്ങൾ ദില്ലിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സുർജേവാല പ്രദർശിപ്പിച്ചു. രാജ്യം മുഴുവൻ ആശങ്കയിൽ നിൽക്കുമ്പോൾ നൈനിറ്റാൾ രാംനഗറിൽ ഭക്ഷണവും കഴിച്ച് ആനന്ദിക്കുകയായിരുന്നു നരേന്ദ്ര മോഡിയെന്നും സുർജേവാല ആരോപണം ഉന്നയിച്ചു. സൈന്യത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്നും കോൺഗ്രസ് വക്താവ് ചോദിച്ചു. മോഡിയുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നും രൺദീപ് സിംഗ് സുർജെവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധികാരക്കൊതി മൂത്ത മോഡി മനുഷ്യത്വം മറന്നിരിക്കുന്നു. പുൽവാമ ഭീകരാക്രമണ വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയം കലർത്തുകയാണ്. ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.