ന്യൂദല്‍ഹി- പൗരത്വ ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സിനു കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരങ്ങള്‍ അനുവദിച്ച് വിജ്ഞാപനമിറക്കി. ഇതു പ്രകാരം അസം റൈഫിള്‍സ് സേനാംഗങ്ങല്‍ക്ക് ആരേയും അറസ്റ്റ് ചെയ്യാനും മുന്നറിയിപ്പില്ലാതെ ഏതിടത്തും കയറി തിരച്ചില്‍ നടത്താനും അനുമതി ലഭിച്ചു. അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് അസം റൈഫിള്‍സിനു പുതിയ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ട പ്രകാരമുള്ള അധികാരങ്ങള്‍ അസം റൈഫിള്‍ സേനാംഗങ്ങള്‍ക്കും നല്‍കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. ഈ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളുടെ പരിധിക്കുള്ളില്‍ ക്രിമിനില്‍ നടപടി ചട്ടം വകുപ്പ് 41-ന്റെ ഉപ വകുപ്പ് (1), വകുപ്പ് 47, 48, 49, 51, 53, 54, 149, 150, 151, 152 എന്നിവ പ്രകാരമുള്ള അധികാരങ്ങള്‍ പ്രയോഗിക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.