ഇസ്ലാമാബാദ്- മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ സംഘടനയായ ജമാഅത്തുദ്ദഅ്‌വ പാക്കിസ്ഥാനില്‍ നിരോധിച്ചു. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി (എന്‍.എസ്.സി) യോഗത്തിലാണ് തീരുമാനം. ലഷ്‌കറെ ത്വയ്ബയെ ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഹാഫിസ് സഈദ് രൂപം നല്‍കിയ സംഘടനയാണ് ജമാഅത്തുദ്ദഅ്‌വ. നിരോധിത സംഘടനകള്‍ക്കെതിരെ നടപടികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ജമാഅത്തുദ്ദഅ്‌വയ്‌ക്കൊപ്പം ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും പാക് ആഭ്യന്തര മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യാ-പാക്ക് ബന്ധം വഷളായതിനു പിന്നാലെയാണ് ഹാഫിസ് സഈദിന്റെ സംഘടയെ നിരോധിച്ചത്. വിവിധ രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയതോടെയാണ് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ത്തത്.