ന്യൂദൽഹി - ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന് ദേശീയ ഉപദേഷ്ടാക്കളുടെ തലത്തിൽ സമഗ്ര സുരക്ഷാ സംവാദം ആരംഭിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിന് ജോയന്റ് വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കാനും ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ധാരണയിലെത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സ്ട്രാറ്റജിക്കൽ പാർട്ട്ണർഷിപ്പ് കൗൺസിൽ സ്ഥാപിച്ച് രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ഇരുരാജ്യങ്ങളും തീരുമാനിച്ചു. നരേന്ദ്ര മോഡിയുടെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിലാണ് സ്ട്രാറ്റജിക്കൽ പാർട്ട്ണർഷിപ്പ് കൗൺസിൽ സ്ഥാപിക്കുന്നത്.
തീവ്രവാദവും ഭീകരവാദവും ലോകത്തെ മുഴുവൻ ജനതകൾക്കും ഭീഷണിയാണ്. ചില രാജ്യങ്ങൾ മറ്റു രാജ്യങ്ങൾക്കെതിരെ ഭീകരത ഉപയോഗിക്കുന്നത് തള്ളിക്കളയുകയും ഭീകരതയുടെ പശ്ചാത്തല സൗകര്യങ്ങൾ നശിപ്പിക്കുകയും വേണം. ഭീകരർക്ക് സഹായങ്ങളും സാമ്പത്തിക സഹായങ്ങളും ലഭിക്കുന്നത് തടയുകയും ഭീകരരെ നീതിപീഠത്തിനു മുന്നിൽ ഹാജരാക്കണമെന്നും കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങൾക്കെതിരെ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഭീകരരുടെ കൈകളിൽ റോക്കറ്റുകളും പൈലറ്റില്ലാ വിമാനങ്ങളും അടക്കമുള്ള ആയുധങ്ങൾ എത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി പതിനാലിന് കശ്മീരിൽ സൈനികർക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അതിശക്തമായ ഭാഷയിൽ അപലപിച്ചു.
പെട്രോളിതര ഉൽപന്നങ്ങളുടെ വ്യാപാരം അടക്കം വ്യാപാര മേഖലയിൽ പ്രയോജനപ്പെടുത്താത്ത വലിയ അവസരങ്ങൾ ഇന്ത്യയിലും സൗദിയിലുമുണ്ട്. പരസ്പര വാണിജ്യം ശക്തിപ്പെടുത്തേണ്ടതും കയറ്റുമതിക്കുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കേണ്ടതും പ്രാധാന്യം അർഹിക്കുന്നതാണ്. വാണിജ്യ, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിന് ഇന്ത്യയും സൗദി അറേബ്യയും ധാരണയിലെത്തി. പശ്ചാത്തല വികസനം, ഖനനം, ഊർജം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യാ കൈമാറ്റം, മാനവ ശേഷി അടക്കമുള്ള മേഖലകളിൽ രണ്ടു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വ്യവസായി സമൂഹത്തോട് നരേന്ദ്ര മോഡിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആവശ്യപ്പെട്ടു. ഇന്ത്യയിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തെ ഇന്ത്യൻ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 4400 കോടി ഡോളർ ചെലവഴിച്ച് നടപ്പാക്കുന്ന രത്‌നഗിരി റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്‌സ് നിർമാണം വേഗത്തിലാക്കുന്നതിന് ഇരുവരും ധാരണയിലെത്തി. ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ റിഫൈനറിയാണിത്.
ഊർജ മേഖലയിൽ സൗദി-ഇന്ത്യ കൂടിയാലോചനകൾ തുടരുന്നതിനും ധാരണയിലെത്തി. അസംസ്‌കൃത എണ്ണക്കും പെട്രോളിയം ഉൽപന്നങ്ങൾക്കും വർധിച്ചുവരുന്ന ഇന്ത്യയുടെ ആവശ്യം നിറവേറ്റുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള പെട്രോൾ കയറ്റുമതി തടസ്സപ്പെടുന്നതു മൂലം ഇന്ത്യൻ വിപണിയിലുണ്ടാകുന്ന കുറവ് നികത്തുന്നതിന് സൗദി അറേബ്യ ഒരുക്കമാണ്. ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽ സംഭരണ പദ്ധതിയിൽ സൗദി അറേബ്യ പങ്കാളിത്തം വഹിക്കുന്നതിനെയും അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ സൗദി അറേബ്യ ചേർന്നതിനെയും നരേന്ദ്ര മോഡി സ്വാഗതം ചെയ്തു.
ശൂന്യാകാശ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിനും രണ്ടു രാജ്യങ്ങളും ധാരണയിലെത്തി. വ്യവസായം, ഐ.ടി, ടെലികോം, പ്രോഗ്രാമിംഗ് അടക്കമുള്ള സുപ്രധാന മേഖലകളിൽ വിദഗ്ധരുടെ സേവനം പരസ്പരം പ്രയോജനപ്പെടുത്തുന്നതിന് ജോയന്റ് വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനും ഇന്ത്യയും സൗദി അറേബ്യയും ധാരണയിലെത്തി. പ്രഥമ ഇന്ത്യ - സൗദി സംയുക്ത നാവികാഭ്യാസ പ്രകടനം വേഗത്തിൽ നടത്തുന്നതിനും മറ്റു മേഖലകളിലേക്കു കൂടി സൈനിക പരിശീലനം വ്യാപിപ്പിക്കുന്നതിനും രണ്ടു രാജ്യങ്ങളും ധാരണയിലെത്തി. പ്രതിരോധ മേഖലക്കാവശ്യമായ വസ്തുക്കളുടെ നിർമാണ മേഖലയിൽ പരസ്പരം സഹകരിക്കുന്നതിനും സമുദ്ര സുരക്ഷക്ക് ഇന്ത്യൻ മഹാസമുദ്രം അതിരിടുന്ന മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും ധാരണയിലെത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകളുടെ എണ്ണം ഉയർത്താൻ തീരുമാനിച്ചതായും സംയുക്ത പ്രസ്താവന പറഞ്ഞു.