ഇസ്‌ലാമാബാദ്- പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് സംഘമെന്ന് സമ്മതിച്ച് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍ പാക് ഭരണകൂടത്തിന് സംഭവത്തില്‍ ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യാ ടുഡെയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം
തുറന്നു പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൈനികര്‍ കൊല്ലപ്പെട്ടതില്‍ വിഷമമില്ലെന്നും മുഷറഫ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് മുഷറിന്റെ പ്രതികരണം. പുല്‍വാമ ആക്രമണം ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഇതില്‍ ബന്ധമുണ്ട് എന്നതിന് തെളിവില്ല. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനോട് തനിക്ക് ദയയില്ല. തന്നെയും കൊല്ലാന്‍ നോക്കിയ വ്യക്തിയാണ് അസ്ഹര്‍ എന്നും മുഷറഫ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദിനോട് ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ട് എന്ന് തോന്നുന്നില്ല. എല്ലാത്തിനും പാക്കിസ്ഥാന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം നിര്‍ത്തേണ്ട സമയമായി. സിആര്‍പിഎഫ് സൈനികരോ കശ്മീരിലുള്ളവരോ കൊല്ലപ്പെടുന്നതില്‍ മോഡിക്ക് വിഷമമുണ്ടെന്ന് തോന്നുന്നില്ലെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാനെ അവമതിക്കാനാണ് ഇന്ത്യയുടെ ശ്രമം. കരിമ്പട്ടികയില്‍ പെടുത്താന്‍ അമേരിക്കയും ഫ്രാന്‍സും ഇന്ത്യയും ശ്രമിക്കുകയാണ്. പാക്കിസ്ഥാനെ രണ്ടായി മുറിച്ചതില്‍ ഇന്ത്യയ്ക്ക് പങ്കില്ലേ എന്നും മുഷറഫ് ചോദിച്ചു. ഇതെല്ലാം അവസാനിപ്പിക്കണമെന്നും അദ്ദേഹം സംഭാഷണത്തിനിടെ പറഞ്ഞു. ഇന്ത്യ പറയുന്നത് പോലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ല. എല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നും മുഷറഫ് പറഞ്ഞു.