Sorry, you need to enable JavaScript to visit this website.

ഇബ്രാഹിം അൽകാസിയുടെ പേരിൽ ന്യൂദൽഹിയിൽ ചെയർ സ്ഥാപിക്കുന്നു

സൗദി സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ  രാജകുമാരൻ ഇബ്രാഹിം അൽകാസിയെ സന്ദർശിക്കുന്നു. 

റിയാദ് - വിഖ്യാത നാടകാചാര്യനും നാടക കലാരംഗത്തെ കുലപതിയും ഇതിഹാസവുമായ ഇബ്രാഹിം അൽകാസിയുടെ പേരിൽ സൗദി അറേബ്യ ന്യൂദൽഹിയിൽ ചെയർ സ്ഥാപിക്കുന്നു. കിരീടാവകാശിയുടെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ചാണ് തീരുമാനം. ഇബ്രാഹിം അൽകാസിയെ സന്ദർശിച്ച് സൗദി സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. കലാരംഗത്ത് നൽകിയ വലിയ സംഭാവനകൾ കണക്കിലെടുത്താണ് ഇബ്രാഹിം അൽകാസിയുടെ പേരിൽ ചെയർ സ്ഥാപിക്കുന്നത്. ഇബ്രാഹിം അൽഖാസി നാടക കലക്ക് നൽകിയ സംഭാവനകൾ ഈ മേഖലയിൽ പുതിയ വിഹായസ്സുകൾ തുറന്നിടുകയും മികച്ച കലാകാരന്മാരുടെ പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്തതായി സൗദി സാംസ്‌കാരിക മന്ത്രി പറഞ്ഞു. 
ഇന്ത്യൻ നാടകകലാ മേഖലയിൽ ഇബ്രാഹിം അൽകാസി കൈവരിച്ച നേട്ടങ്ങളും മുന്നോട്ടുവെച്ച മൂല്യങ്ങളും മറ്റുള്ളവരുടെ കലാ, സാംസ്‌കാരിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് നടത്തിയ തുടർച്ചയായ ശ്രമങ്ങളും സൗദി അറേബ്യയുടെ ആദരവ് പിടിച്ചുപറ്റി. സാംസ്‌കാരിക, കലാ വിനിമയത്തിനും സാംസ്‌കാരിക, കലാ മേഖലകൾ സമ്പന്നമാക്കുന്നതിനും സാധിക്കുന്ന നിലക്ക് കലാകാരന്മാരെ ആദരിക്കുന്നതിന് സൗദി സാംസ്‌കാരിക മന്ത്രാലയം മടിച്ചുനിൽക്കില്ലെന്നും ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
സൗദി പിതാവിന് ഇന്ത്യയിൽ ജനിച്ച ഇബ്രാഹിം അൽകാസിയുടെ ഗവേഷണങ്ങൾ ഇന്ത്യൻ നാടകകലാ മേഖലയിൽ വലിയ അനുരണനങ്ങളും സ്വാധീനവുമുണ്ടാക്കിയിട്ടുണ്ട്. ന്യൂദൽഹിയിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടറായി പതിനഞ്ചു വർഷം ഇബ്രാഹിം അൽകാസി പ്രവർത്തിച്ചിട്ടുണ്ട്. 1962 മുതൽ 1977 വരെയാണ് ഇബ്രാഹിം അൽകാസി ഈ പദവി വഹിച്ചത്. ഇന്ത്യൻ സാംസ്‌കാരിക ചരിത്രത്തിനും ഇന്ത്യൻ സാംസ്‌കാരിക സമ്പന്നത സംരക്ഷിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിന് 2006 ൽ ഇദ്ദേഹം സ്ഥാപനം ആരംഭിച്ചിരുന്നു. 
നാടക സംവിധായകനും നാടകാധ്യാപകനുമായ ഇബ്രാഹിം അൽകാസിക്ക് ഇപ്പോൾ 94 വയസ്സുണ്ട്. ഭാര്യ റോഷൻ അൽഖാസിയുമായി സഹകരിച്ച് ദൽഹിയിൽ ആർട്ട് ഹെറിറ്റേജ് ഗാലറി സ്ഥാപിച്ചിട്ടുണ്ട്. റോയൽ അക്കാഡമി ഓഫ് ഡ്രാമാറ്റിക് ആർട്ടിൽ പരിശീലനം നേടിയ ഇദ്ദേഹത്തിന് 1950 ൽ ബി.ബി.സി ബ്രോഡ്കാസ്റ്റിംഗ് അവാർഡ് ലഭിച്ചിരുന്നു. ഗിരീഷ് കർണാടിന്റെ തുഗ്ലക് അടക്കം 50 ലേറെ നാടകങ്ങൾ ഇബ്രാഹിം അൽകാസി സംവിധാനം ചെയ്തിട്ടുണ്ട്. ഷേക്‌സ്പിയറിന്റെ നിരവധി നാടങ്ങളും ഗ്രീക്ക് നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 
ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന സൗദി വ്യവസായിയുടെയും കുവൈത്തി മാതാവിന്റെയും മകനായി 1925 ഒക്‌ടോബർ 18 ന് പൂനെയിലാണ് ഇബ്രാഹിം അൽകാസിയുടെ ജനനം. 1966 ൽ പത്മശ്രീയും 1991 ൽ പത്മഭൂഷണും 2010 ൽ പത്മവിഭൂഷണും നൽകി രാജ്യം ഇബ്രാഹിം അൽകാസിയെ ആദരിച്ചു. മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ റോഷൻ 2007 ൽ മരണപ്പെട്ടു. രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ അമൽ അല്ലാന തിയേറ്റർ ഡയറക്ടറും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുൻ ചെയർമാനുമാണ്. രണ്ടാമത്തെ മകൻ ഫൈസൽ അൽകാസി ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന തിയേറ്റർ ഡയറക്ടറാണ്. 

 

 

Latest News