Sorry, you need to enable JavaScript to visit this website.

യുപിയില്‍ എസ്.പി-ബിഎസ്പി സഖ്യം സീറ്റുകള്‍ പ്രഖ്യാപിച്ചു; കോണ്‍ഗ്രസിന്റെ വഴികളടഞ്ഞു

ലഖ്‌നൗ- മേയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാകുന്ന ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി പ്രതിപക്ഷ സഖ്യം സീറ്റു വീതംവെപ്പിനു അന്തിമ രൂപം നല്‍കി. ഇരു പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ വ്യക്തമാക്കിയതോടെ ഈ പ്രതിപക്ഷ സഖ്യത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ എല്ലാ വഴികളും അടഞ്ഞു. യുപിയിലെ 80 സീറ്റുകളില്‍ തങ്ങള്‍ പങ്കിടുന്ന 75 സീറ്റുകളാണ് ഇരുപാര്‍ട്ടികളും മുന്‍ മുഖ്യമന്ത്രിമാരായ ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും സംയുക്തമായി പ്രഖ്യാപിച്ചത്. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും മത്സരിക്കും. മായാവതി നേരത്ത പ്രഖ്യാപിച്ച പോലെ തന്നെ കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായ അമേത്തിയും റായ് ബറേലിയും സഖ്യം ഒഴിച്ചിട്ടു. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ എസ്പി-ബിഎസ്പി സഖ്യത്തോടൊപ്പം ചേര്‍ന്ന അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദളിനു നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ പ്രഖ്യാപനത്തോടെ ഉത്തര്‍ പ്രദേശില്‍ കരുത്തരായ എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. യുപിയിലെ 80 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ ഇടം ലഭിക്കുമെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതോടെ മായാവതി നിലപാടു മാറ്റിയേക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഘഢിലും കോണ്‍ഗ്രസുമായുള്ള സീറ്റു വീതംവയ്പ്പില്‍ അതൃപ്തയായ മായവതി വഴങ്ങിയില്ല.

അന്തിമ സീറ്റു വീതംവയ്പ്പു പ്രകാരം സുപ്രധാന മണ്ഡലങ്ങളായി ലഖ്‌നൗ, കാണ്‍പൂര്‍, അലഹാബാദ്, ഝാന്‍സി, പ്രധാനമന്ത്രി മോഡിയുടെ വരാണസി, മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂര്‍ എന്നിവിടങ്ങളില്‍ എസ്പിയായിരിക്കും മത്സരിക്കുക. മീറത്ത്, ആഗ്ര, ഗൗതം ബുദ്ധ നഗര്‍ (നോയ്ഡ), അലിഗഢ്, സഹാറന്‍പൂര്‍ തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളില്‍ ബിഎസ്പിയും മത്സരിക്കും. 


 

Latest News