വാഷിങ്ടണ്‍- ലഹരി വസ്തുക്കളുടെ കള്ളക്കടത്ത് ശൃഖംലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യന്‍ വ്യവസായി ജസ്മീത് ഹകിംസാദയ്ക്കും മാതാപിതാക്കള്‍ക്കുമെതിരെ യുഎസ് ധനകാര്യ വകുപ്പ് ഉപരോധമേര്‍പ്പെടുത്തി. ഹെറോയിന്‍, ഓപിയം തുടങ്ങിയ ലഹരി വസ്തുക്കളുടെ കടത്തിലൂടെ 2008 മുതല്‍ കോടിക്കണക്കിന് ഡോളറുകള്‍ ഇദ്ദേഹം വെളുപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ യുഎഇയില്‍ കഴിയുന്ന ഹകിംസാദ പ്രധാന വിദേശ ലഹരിക്കടത്തുകാരനാണെന്നും യുഎസ് ധനകാര്യ വകുപ്പ് വ്യക്തമാക്കി. ലോകത്തൊട്ടാകെ ലഹരി കള്ളകടത്തും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് ധനകാര്യ വകുപ്പിലെ ഭീകരവാദ, ധനകാര്യ ഇന്റലിജന്‍സ് വിഭാഗം അണ്ടര്‍സെക്രട്ടറി സൈഗള്‍ മന്‍ഡേല്‍ക്കര്‍ പറഞ്ഞു.
യുഎഇയില്‍ കഴിയുന്ന ഹക്കിംസാദയുടെ മതാപിതാക്കള്‍ക്കും യുഎസ് വിലക്കേര്‍്‌പ്പെടുത്തി. അച്ഛനെ മുഖ്യ പങ്കാളിയെന്നും അമ്മയെ ഇന്ത്യയിലെ രണ്ടു അനുബന്ധ കമ്പനികളുടെ ഓഫീസര്‍ എന്നുമാണ് യുഎസ് വിശേഷിപ്പിക്കുന്നത്. ഹെറോയിന്‍, കൊക്കെയ്ന്‍, കെറ്റാമൈന്‍, എഫിഡ്രെയ്ന്‍ തുടങ്ങിയ മാരക ലഹരികള്‍ യുഎസ്, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളിലേക്ക് കള്ളക്കടത്ത് നടത്തുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് ഹക്കിംസാദയെന്നും യുഎസ് വ്യക്തമാക്കുന്നു.