വാഷിംഗ്ടണ്‍- ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ 24 കാരി ഹുദ മുതന്നയെ അമേരിക്കയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ അലബാമയില്‍ ജനിച്ചുവളര്‍ന്ന ഹുദ 2014 ലാണ് സിറിയയിലേക്ക് പോയത്.
ഹുദയെ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇമിഗ്രേഷന്‍ വിഷയങ്ങള്‍ പൊതുവായി മാത്രം പറയുകയെന്ന കീഴ്‌വഴക്കത്തിനു വിരുദ്ധമായാണ് പ്രസിഡന്റിന്റെ പ്രസ്താവന.
ഹുദ മുതന്നക്ക് യു.എസ് പൗരത്വമില്ലെന്നും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പോംപിയോയും വ്യക്തമാക്കി. യു.എസ് പാസ്‌പോര്‍ട്ടോ പാസ്‌പോര്‍ട്ടിനുള്ള അവകാശമോ അമേരിക്കയില്‍ പ്രവേശിക്കാന്‍ വിസയോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് മണ്ണില്‍ ജനിച്ചവര്‍ക്ക് പൗരത്വം നല്‍കുകയാണ് പൊതുവെ സ്വീകരിക്കുന്ന രീതി. അലബാമയില്‍ വളര്‍ന്ന ഹുദ യു.എസ് പാസ്‌പോര്‍ട്ടിലാണ് സിറിയയിലേക്ക് പോയതും.
എന്നാല്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ടിന് അര്‍ഹതയില്ലെന്നും പൗരത്വമില്ലാത്തതു കൊണ്ടുതന്നെ റദ്ദാക്കേണ്ട ആവശ്യമില്ലെന്നുമാണ് യു.എസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
ഐ.സില്‍ ചേരാന്‍ പോയവരെ അതതു രാജ്യങ്ങള്‍ പുനരധിവസിപ്പിക്കണമെന്ന് പ്രസിഡന്റ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു വരുന്നതിനിടയിലാണ് യു.എസ് വനിതയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്. പ്രസിഡന്റിന്റെ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.