Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യം; കോണ്‍ഗ്രസ് 10 സീറ്റുകളില്‍ മത്സരിക്കും

ചെന്നൈ- തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സീറ്റുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴനാട്ടില്‍ കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകളാണ് ഡിഎംകെ നല്‍കിയത്. 25 സീറ്റുകളില്‍ ഡിഎംകെ മത്സരിക്കും. ബാക്കി സീറ്റുകള്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സഖ്യത്തിന്റെ മറ്റു ചെറുകക്ഷികള്‍ക്കും നല്‍കും. പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് സീറ്റുകള്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനു നല്‍കുന്ന സീറ്റുകള്‍ ഏതെല്ലാമെന്ന കാര്യം സഖ്യകക്ഷികള്‍ ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തട്ടകങ്ങളായി കന്യാകുമാരി, ശിവഗംഗ സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മണ്ഡലമായിരുന്നു ശിവഗംഗ. മുസ്ലിം ലീഗും തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലുണ്ട്. ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ഇത്തവണ മത്സരിച്ചേക്കും. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്ക് സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചകളിലാണ് സീറ്റു വീതംവെപ്പ് ധാരണയായത്. 2014-ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും ഒറ്റ സീറ്റില്‍ പോലും ജയിച്ചിരുന്നില്ല.

Latest News