ധാക്ക- ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന അപാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ തീ ആളിപ്പടര്‍ന്നുണ്ടായ വന്‍ അഗ്നിബാധയില്‍ 69 പേര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ദുരന്തമുണ്ടായത്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ താമസിക്കുന്ന ഈ കെട്ടിടങ്ങളില്‍ ചിലത് രാസവസ്തുക്കളുടെ സൂക്ഷിപ്പു കേന്ദ്രമായിരുന്നുവെന്നും ഇതാണ് തീ വേഗത്തില്‍ ആളപ്പടരാന്‍ ഇടയാക്കിയതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 200 അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്, മൃതദേഹങ്ങള്‍ ഇനിയും ലഭിച്ചേക്കാമെന്ന് ബംഗ്ലദേശ് അഗ്നിശമന സേനാ മേധാവി അലി അഹ്മദ് പറഞ്ഞു.
ധാക്കയിലെ പഴയ നഗര പ്രദേശമായ ചൗക്ക്ബസാറിലാണ് ദുരന്തമുണ്ടായത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്തടുത്തായി നില്‍ക്കുന്ന നാലു കെട്ടിടങ്ങളിലാണ് അഗ്നിബാധ ഉണ്ടായത്. ഇവിടങ്ങളിലേക്ക് ഇടുങ്ങിയ വഴികള്‍ മാത്രമെ ഉള്ളൂ. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാനിടയാക്കിയത്. ഈ വഴികള്‍ ട്രാഫിക് ജാം ആയതോടെ ആളുകള്‍ക്ക് വേഗത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം ഇല്ലാതാകുകയായിരുന്നു. ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാല്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതും ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മരിച്ചവരില്‍ പലരും ഇതു വഴി കടന്നു പോയവരും റസ്ട്രന്റുകളില്‍ ഭക്ഷണം കഴിക്കുന്നവരും ആയിരുന്നു. സമീപത്തെ ഒരു വിവാഹ ചടങ്ങിനെത്തിയവരും അപകടത്തില്‍പ്പെട്ടതായി റിപോര്‍ട്ടുണ്ട്.