ഗാന്ധിനഗര്‍- പ്രമുഖ ഗുജറാത്ത് വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഫൗണ്ടേഷനു കീഴില്‍ കച്ച് ജില്ലയിലെ ഭുജില്‍ പ്രവര്‍ത്തിക്കുന്ന ജി.കെ ജനറല്‍ ആശുപത്രിയില്‍ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 1,018 കുട്ടികള്‍. കോണ്‍ഗ്രസ് എംഎല്‍എ സന്തോക്‌ബെന്‍ അരേതിയയുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഈ കണക്കുകള്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭയില്‍ വ്യക്തമാക്കിയത്. അസാധാരണമായി ഉയര്‍ന്ന ഈ മരണ നിരക്ക് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു സമിതി രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ രോഗങ്ങളും ചികിത്സാ സങ്കീര്‍ണതകള്‍ കാരണവുമായി ഈ മരണങ്ങളെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. 2014-15 വര്‍ഷം 188, 2015-16-ല്‍ 187, 2016-17-ല്‍ 208, 2017-18-ല്‍ 276, നടപ്പുവര്‍ഷം ഇതുവരെ 159 എന്നിങ്ങനെയാണ് ഒരോ വര്‍ഷങ്ങളിലേയും മരണ നിരക്ക്.
ഈ മരണങ്ങള്‍ക്കു പിന്നിലെ വിവിധ കാരണങ്ങള്‍ അന്വേഷണ സമിതി അക്കമിട്ടു നിരത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പകര്‍ച്ചാ വ്യാധി രോഗങ്ങള്‍, മാസം തികയാത്ത പ്രസവങ്ങള്‍, ശ്വാസകോശ സങ്കീര്‍ണതകള്‍, പ്രസവ സങ്കീര്‍ണതകള്‍ തുടങ്ങിയവയാണ് ശിശു മരണത്തിന് കാരണമായി സമിതി കണ്ടെത്തിയത്. ആശുപത്രി അംഗീകൃത മാനദണ്ഡങ്ങളും പ്രോട്ടോകോളും അനുസരിച്ചാണ് ചികിത്സ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.