ഭൂരിപക്ഷ വർഗീയത ഇന്ത്യൻ രാഷ്ട്രീയത്തെ അടിമുടി ഗ്രസിക്കുമ്പോൾ മതേതര പാർട്ടികൾ പോലും മുസ്‌ലിം സ്ഥാനാർഥികളെ നിർത്താൻ ഭയപ്പെടുകയാണ്. വരുന്ന തെരഞ്ഞെടുപ്പിലും ഈ പ്രവണത തുടരാനാണ് സാധ്യത. മുസ്‌ലിംകൾ 30 ശതമാനത്തിലേറെയുള്ള 46 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 218 മണ്ഡലങ്ങളിലെങ്കിലും 10 ശതമാനത്തിലേറെയാണ് മുസ്‌ലിം ജനസംഖ്യ. എന്നാൽ അപൂർവമായേ മുസ്‌ലിം എം.പിമാരുടെ എണ്ണം 40 കടന്നിട്ടുള്ളൂ. 1980 ലെ ഏഴാം ലോക്‌സഭയിലാണ് ഏറ്റവും കൂടുതൽ മുസ്‌ലിം എം.പിമാരുണ്ടായിരുന്നത് -49. 1984 ൽ 42 എം.പിമാരുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 മുസ്‌ലിം സ്ഥാനാർഥികൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമ ബംഗാളിൽ നിന്നാണ് ഏറ്റവുമധികം പേർ തെരഞ്ഞെടുക്കപ്പെട്ടത് -എട്ടു പേർ. പ്രധാനപ്പെട്ട മൂന്നു പാർട്ടികളുടെയും ടിക്കറ്റിൽ മുസ്‌ലിംകൾ തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ ടിക്കറ്റിൽ നാലു പേരും കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ബാനറിൽ രണ്ടു പേർ വീതവും. ഏഴ് സംസ്ഥാനങ്ങളും ലക്ഷദ്വീപും മാത്രമാണ് കഴിഞ്ഞ ഇലക്ഷനിൽ മുസ്‌ലിം സ്ഥാനാർഥികളെ ജയിപ്പിച്ചത്. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നൊന്നും മുസ്‌ലിം പ്രതിനിധികളുണ്ടായില്ല. ഇന്നുവരെ മുസ്‌ലിം പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ലാത്ത എട്ട് സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്.
രാജ്യത്ത് 14 ശതമാനത്തോളം മുസ്‌ലിംകളുണ്ട്. 675 ജില്ലകളിൽ 20 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള 86 ജില്ലകളുണ്ട്. ജമ്മു കശ്മീരിലെ എട്ട് ജില്ലകളിൽ മുസ്‌ലിംകൾ 80 ശതമാനത്തിൽ കൂടുതലാണ്. മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തിൽ കൂടുതലുള്ള 11 ജില്ലകളുണ്ട്. എന്നാൽ മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ഒന്നിലേറെ മുസ്‌ലിം സ്ഥാനാർഥികളുണ്ടാവുകയും വോട്ട് വിഭജിച്ചു പോവുകയുമാണ് പതിവ്.
2014 ൽ മുസ്‌ലിംകൾ 21 ശതമാനത്തിലേറെയുള്ള 74 സീറ്റുകളിൽ മുപ്പത്തൊമ്പതിടത്തും ജയിച്ചത് എൻ.ഡി.എ പാർട്ടികളാണ്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത പശ്ചിമ ബംഗാളിലെ 17 സീറ്റും കശ്മീർ താഴ്‌വരയിലെ രണ്ട് സീറ്റും കേരളത്തിലെ രണ്ട് സീറ്റും മാറ്റിനിർത്തിയാൽ ബാക്കി 52 സീറ്റിൽ ഇരുപത്തിരണ്ടും എൻ.ഡി.എ നേടി. അത്യുജ്വല നേട്ടമാണ് ഇത്. ഉത്തർപ്രദേശിലെ മുസ്‌ലിം സ്വാധീനമുള്ള 16 സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. ബിഹാറിലെ ഒമ്പതിൽ അഞ്ചും എൻ.ഡി.എക്കാണ് കിട്ടിയത്.
പല മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും മതേതര പാർട്ടികളുടെ ഭിന്നത ബി.ജെ.പിക്ക് വഴിയൊരുക്കി. അലഹബാദിൽ എസ്.പിയും ബി.എസ്.പിയും നാലു ലക്ഷത്തിലേറെ വോട്ട് പിടിച്ചു. മൂന്ന് ലക്ഷം വോട്ടുമായി ബി.ജെ.പി ജയിച്ചു. രാംപൂറിൽ എസ്.പിക്കും ബി.എസ്.പിക്കും കൂടി അഞ്ച് ലക്ഷത്തോളം വോട്ട് കിട്ടി. ബി.ജെ.പി ജയിച്ചത് മൂന്നര ലക്ഷം വോട്ടുമായാണ്. മുറാദാബാദിൽ എസ്.പിക്കും ബി.എസ്.പിക്കും കൂടി ലഭിച്ചത് അഞ്ചര ലക്ഷം വോട്ട്, ബി.ജെ.പി ജയിച്ചത് 4.85 ലക്ഷം വോട്ടുമായാണ്. സഹാറൻപൂരിൽ കോൺഗ്രസും എസ്.പിയും ബി.എസ്.പിയും കൂടി നേടിയ വോട്ട് 8.77 ലക്ഷം, ബി.ജെ.പി ജയിച്ചത് 4.72 ലക്ഷം വോട്ട് നേടിയാണ്. ഇത്തവണ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്.
ലോക്‌സഭയിലെ മുസ്‌ലിം എം.പിമാരുടെ കണക്ക് ഇങ്ങനെയാണ്: 1952-11, 1957-19, 1962-20, 1967-25, 1971-28, 1977-34, 1980-49, 1984-42, 1989-27, 1991-25, 1996-29, 1998-28, 1999-31, 2004-34, 2009-30, 2014-23.
മുസ്‌ലിംകൾ 30 ശതമാനത്തിലേറെയുള്ള മണ്ഡലങ്ങൾ ഇവയാണ്:
പശ്ചിമബംഗാൾ -11 (റായ്ഗഞ്ച്, മാൾഡ ഉത്തർ, മാൾഡ ദക്ഷിൺ, ജാൻഗിപൂർ, മുർഷിദാബാദ്, ബഹ്‌റാംപൂർ, ഡയമണ്ട് ഹാർബർ, ബീർഭൂം, ജാദവ്പൂർ, ജോയ്‌നഗർ, മതുരാപൂർ).
ഉത്തർപ്രദേശ്-13 (ബിജ്‌നൂർ, അംറോഹ, മുറാദാബാദ്, രാംപൂർ, മീററ്റ്, മുസഫർനഗർ, ഖൈറാന, സഹാറൻപൂർ, സാംഭാൽ, നഗീന, ബഹ്‌റൈച്, ബറേലി, ശ്രാവസ്തി)
ജമ്മുകശ്മീർ-5 (ബാരാമുല്ല, ശ്രീനഗർ, അനന്തനാഗ്, ലഡാക്ക്, ഉദ്ദംപൂർ)
അസം -4 (കരീംഗഞ്ച്, ദുബ്‌രി, ബാർപേട്ട, നഗോൻ)
കേരളം - 6 (കാസർകോട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വയനാട്, വടകര)
ബിഹാർ -4 (അരാരിയ, കിഷൻഗഞ്ച്, കതിഹാർ, പൂർണിയ)
ആന്ധ്ര - 2 (ഹൈദരാബാദ്, സെക്കന്തരാബാദ്)
ലക്ഷദ്വീപ് - 1