ലഖ്‌നൗ- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ചെരിപ്പ് ധരിച്ച് പങ്കെടുത്തത് വിവാദമായി. അന്തരിച്ച ജവാനോട് നേതാക്കള്‍ അനാദരവ് കാണിച്ചുവെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധം അറിയിച്ചത്.
ഭീകരാക്രമണത്തില്‍ മരിച്ച മീറത്ത് സ്വദേശിയായ ജവാന്‍ അജയ്കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിംഗ്, മീറത്ത് ബി.ജെയപി എം.എല്‍.എ രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഒന്നാം നിരയില്‍ ഇരുന്ന നേതാക്കള്‍ ചെരിപ്പ് അഴിച്ചുമാറ്റാന്‍ തയാറായില്ല.
ഇതോടെ ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ചെരിപ്പ് മാറ്റാന്‍ ഒരാള്‍ നേതാക്കളോട് ആവശ്യപ്പെട്ടതിനുശേഷമാണ് അവര്‍ ചെരിപ്പ് അഴിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈ മുന്‍ പോലീസ് കമ്മീഷണറാണ് സത്യപാല്‍ സിംഗ്. വിരമിച്ച ശേഷം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ വിലാപയാത്രയില്‍ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ചിരിച്ച് കൈവീശി പങ്കെടുത്തതിനു പിന്നാലെയാണ് പുതിയ വിവാദം. വയനാട്ടിലെ ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചമൃതദേഹത്തിനു മുന്നില്‍നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും വിവാദം സൃഷ്ടിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണന്താനം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.