കാഞ്ഞങ്ങാട്- കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കസിൽ പ്രതി എ. പീതാംബരനെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതൽ പ്രതികളുണ്ടെന്നും കേസിൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.
പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നു കോടതി നിർദേശിച്ചു. പ്രതിയുമായി പോലീസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളുമാണു ലഭിച്ചത്.കൊലനടന്ന കല്ല്യോട്ട് എത്തിച്ചാണു തെളിവെടുത്തത്.
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ചയാണ് പീതാംബരനെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണു കൊലനടത്തിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു.